നിരത്തുകളില്‍ എത്തിയിട്ടുള്ളത് സി5 എയര്‍ക്രോസ്, പ്രഖ്യാപിച്ചിട്ടുള്ളത് സി3 എന്ന കോംപാക്ട് എസ്.യു.വി. എന്നാല്‍, ഇന്ത്യയിലെ എം.പി.വി. ശ്രേണിയിലെ ഇന്നോവയുടെ മേധാവിത്വം തകര്‍ക്കാനുള്ള നീക്കങ്ങളും ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ അണിയറയില്‍ നടക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും വലിയ സൂചന നല്‍കിയാണ് സിട്രോണ്‍ ബെര്‍ലിങ്കോ എം.പി.വി. പല തവണയായി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. 

ആഗോള നിരത്തുകളില്‍ ഇതിനോടകം തന്നെ സാന്നിധ്യം അറിയിച്ചിട്ടുള്ള വാഹനമാണ് സിട്രോണിന്റെ ബെര്‍ലിങ്കോ. രണ്ട് വലിപ്പത്തിലാണ് ഈ എം.പി.വി. വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. സ്റ്റാന്റേഡ് മോഡലിന് 4400 എം.എമ്മും എക്‌സ്.എല്‍. മോഡലിന് 4750 എം.എമ്മുമാണ് നീളം നല്‍കിയിട്ടുള്ളത്. ഇതില്‍ എക്‌സ്.എല്‍. വേരിയന്റാണ് ഏഴ് സീറ്ററായി എത്തിയിട്ടുള്ളത്. രണ്ടും മൂന്നും നിരകളില്‍ ബെഞ്ച് സീറ്റ് നല്‍കിയാണ് ഇത് ഏഴ് സീറ്റര്‍ ആക്കിയിട്ടുള്ളത്. 

സിട്രോണിന്റെ മറ്റ് മോഡലുകളെ പോലെ മികച്ച സ്‌റ്റൈലാണ് ബെര്‍ലിങ്കോയുടെയും മുഖമുദ്ര. ബോക്‌സി ഡിസൈനിലാണ് ഈ എം.പി.വി. ഡിസൈന്‍ ചെയ്തിട്ടുള്ളത്. സിട്രോണ്‍ വാഹനങ്ങളുടെ സിഗ്നേച്ചറായി ലോഗോയ്‌ക്കൊപ്പമുള്ള ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, വെള്ള നിറത്തിലുള്ള ആക്‌സെന്റുകളുടെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ്‌ലാമ്പ് എന്നിവയാണ് മുഖഭാവം അലങ്കരിക്കുന്നത്. ലളിതമായ രൂപകല്‍പ്പനയാണ് പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നത്. 

കിയയുടെ കാര്‍ണിവലില്‍ നല്‍കിയിട്ടുള്ളതിന് സമാനമായി സ്ലൈഡ് ചെയുന്ന ഡോറുകളാണ് രണ്ടാം നിരയില്‍ നല്‍കിയിട്ടുള്ളത്. സി5 എയര്‍ക്രോസിലും മറ്റും നല്‍കിയിട്ടുള്ളതിന് സമാനമായി ഡോറുകളില്‍ ക്ലാഡിങ്ങും അതില്‍ ഡിസൈനും നല്‍കിയാണ് വശങ്ങള്‍ അലങ്കരിക്കുന്നത്. അലോയി വീലിന്റെ ഡിസൈനും വശങ്ങള്‍ക്ക് സൗന്ദര്യമേകുന്നുണ്ട്. സിട്രോണിന്റെ മറ്റ് വാഹനങ്ങള്‍ക്ക് സമാനമായി ഈ വാഹനത്തിന്റെയും ഇന്റീരിയര്‍ സമ്പന്നമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. 

ഇന്ത്യയിലെ എം.പി.വി. ശ്രേണി ഭരിക്കുന്ന ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ ആയിരിക്കും ബെര്‍ലിങ്കോയുടെ മുഖ്യ എതിരാളി. അതേസമയം, എം.പി.വി. ശ്രേണിയിലുള്ള മാരുതി സുസുക്കി എര്‍ട്ടിഗ, മഹീന്ദ്ര മരാസോ തുടങ്ങിയ വാഹനങ്ങളും എതിരാളികളുടെ പട്ടികയിലുണ്ട്. എന്നാല്‍, ഈ വാഹനത്തിന്റെ വരവ് സംബന്ധിച്ച സൂചനകള്‍ നിര്‍മാതാക്കള്‍ നല്‍കിയിട്ടില്ല. രണ്ടാമതായി കോംപാക്ട് എസ്.യു.വിയും മൂന്നാമനായി പ്രീമിയം ഹാച്ച്ബാക്കുമായിരിക്കും എത്തുകയെന്നാണ് വിവരങ്ങള്‍.

Content Highlights: Citroen Berlingo MVP Caught Testing In India; Innova Crysta Rival