ന്ത്യ പ്രവേശനത്തിന് മുഹൂര്‍ത്തം കുറിച്ചെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വരവ് നീണ്ടുപോയ വാഹന നിര്‍മാതാക്കളാണ് സിട്രോണ്‍. എന്നാല്‍, കൊറോണ വൈറസിനെ പേടിച്ചിരിക്കാതെ ഒരിക്കല്‍ കൂടി വരവിനുള്ള സമയം കുറിച്ചിരിക്കുകയാണ് സിട്രോണ്‍. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സിട്രോണ്‍ ഇന്ത്യക്കായി പ്രഖ്യാപിച്ച ആദ്യ എസ്.യു.വി  സി5 എയര്‍ക്രോസ് ഫെബ്രുവരി ഒന്നിന് പ്രദര്‍ശിപ്പിച്ചേക്കും. 

2019-ലാണ് ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സിട്രോണ്‍ ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള സന്നദ്ധത അറിയിച്ചത്. ആദ്യ തീരുമാനം അനുസരിച്ച് 2020-ലെ ഉത്സവ സീസണില്‍ ആദ്യ വാഹനമായ സി5 എയര്‍ക്രോസ് നിരത്തുകളില്‍ എത്തിക്കാനായിരുന്നു പദ്ധതി. ഇത് അനുസരിച്ച് തമിഴ്‌നാട് തിരുവള്ളൂരിലെ സി.കെ. ബിര്‍ള പ്ലാന്റില്‍ വാഹനം നിര്‍മിക്കുമെന്നും സിട്രോണ്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈറസ് വ്യാപനമുണ്ടാകുന്നത്. 

നിര്‍മാതാക്കളുടെ പുതിയ തീരുമാനം അനുസരിച്ച് സി5 എയര്‍ക്രോസിന്റെ ആദ്യ ബാച്ച് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് ഇവിടെ അസംബിള്‍ ചെയ്യും. ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തുന്ന സി5 എയര്‍ക്രോസ് മാര്‍ച്ച് മാസത്തോടെ നിരത്തുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. ഈ എസ്.യു.വികളുടെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രങ്ങളും മുമ്പ് പുറത്തുവന്നിരുന്നു.

1.2 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ സി5 എയര്‍ക്രോസ് എത്തുമെന്നായിരുന്നു ആദ്യ വിവരങ്ങള്‍. എന്നാല്‍, എല്ലാ ആധുനിക ഫീച്ചറുകളും നല്‍കിയുള്ള ഒരു വേരിയന്റില്‍ മാത്രമായിരുന്നു സി5 എയര്‍ക്രോസ് എസ്.യു.വി. ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ എത്തുക. പ്രീമിയം മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലെത്തുന്ന സി5 എയര്‍ക്രോസിന് ഏകദേശം 30 ലക്ഷം രൂപയോളം വില വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എസ്.യു.വികളുടെ എല്ലാ ഭാവങ്ങളും ഉള്‍പ്പെടുത്തിയാണ് സി5 എയര്‍ക്രോസിന്റെ ഡിസൈന്‍. ക്രോമിയം-ബ്ലാക്ക് ഫിനീഷിങ്ങില്‍ രണ്ട് തട്ടുകളായി ഒരുങ്ങിയിട്ടുള്ള റേഡിയേറ്റര്‍ ഗ്രില്ല്, പവര്‍ ലൈനുകളുള്ള ഉയര്‍ന്ന ബോണറ്റ്, ഡ്യുവല്‍ ബീം എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ക്ലാഡിങ്ങ് ആവരണത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്‌ലാമ്പ്, മികച്ച അലോയി വീലുകള്‍, ഫ്‌ളോട്ടിങ്ങ് റൂഫ് എന്നിവയാണ് എക്സ്റ്റീരിയറിനെ സ്റ്റൈലിഷാക്കുന്നത്. 

എന്‍ജിന്‍ സംബന്ധിച്ച് കൃത്യമായ വിവരം നല്‍കിയിട്ടില്ലെങ്കിലും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഈ എസ്.യു.വിയുടെ ഹൃദയമെന്നാണ് സൂചന. ഇത് 177 ബി.എച്ച്.പി. പവറും 400 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ എന്നീ ട്രാന്‍സ്മിഷനുകള്‍ ഇതില്‍ നല്‍കിയേക്കും. ഇന്ത്യയിലെ പ്രധാനപ്പെട്ട 10 നഗരങ്ങളിലായിരിക്കും സിട്രോണ്‍ ആദ്യമെത്തുക. പിന്നീട് നെറ്റ്‌വര്‍ക്ക് വിപുലമാക്കാനാണ് പദ്ധതികള്‍.

Content Highlights: Citroen Announce Launch Date Of C5 Aircross In India