കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്താകമാനം വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ന്നിട്ടുണ്ടെങ്കിലും നിര്‍മാണം മന്ദഗതിയിലാണ്. പുതുതലമുറ വാഹനങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമത്തെ തുടര്‍ന്നാണ് വാഹന നിര്‍മാണത്തില്‍ പ്രതിസന്ധിയുണ്ടായിട്ടുള്ളത്. ചിപ്പുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ആഗോള തലത്തില്‍ തന്നെ വാഹനങ്ങളുടെ നിര്‍മാണം കുറയ്ക്കാന്‍ ഒരുങ്ങുകയാണ്.

സെപ്റ്റംബര്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് നിര്‍മിച്ചിരുന്ന 9,00,000 വാഹനങ്ങളില്‍ നിന്ന് 5,40,000 ആയാണ് വാഹനങ്ങളുടെ നിര്‍മാണം പരിമിതപെടുത്തുന്നതെന്നാണ് സൂചന. ഏകദേശം 40 ശതമാനത്തിന്റെ കുറവാണിതെന്നാണ് വിവരം. ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്താകമാനുള്ള വാഹന നിര്‍മാതാക്കള്‍ ഉത്പാദനം കുറച്ചിട്ടുണ്ടെന്നാണ് വിവരം. ഏറ്റവുമൊടുവിലാണ് ടൊയോട്ടയും ഈ നീക്കത്തിനൊരുങ്ങുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഫുകുഷിമ ഭൂചനത്തിനും സുനാമിക്കും ശേഷം കമ്പനിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി വലിയ അളവില്‍ ടൊയോട്ട സെമി കണ്ടക്ടര്‍ ചിപ്പുകള്‍ നിര്‍മിച്ചിരുന്നു. അതിനാല്‍ തന്നെ പ്രാഥമിക ഘട്ടത്തില്‍ ടൊയോട്ടയെ ചിപ്പ് ക്ഷാമം ബാധിച്ചിരുന്നില്ലെന്നാണ് വിലയിരുത്തല്‍. മറ്റ് വാഹന നിര്‍മാതാക്കള്‍ ഉത്പാദനം കുറച്ച സാഹചര്യത്തിലും മുമ്പുണ്ടായിരുന്ന ശേഖരത്തിന്റെ സഹായത്തോടെയാണ് ടൊയോട്ട വാഹനങ്ങള്‍ നിര്‍മിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

കൊറോണ വൈറസ് രണ്ടാം തരംഗമുണ്ടാകുകയും ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തത് ഏതാനും ഏഷ്യന്‍ രാജ്യങ്ങളില്‍ ടൊയോട്ടയുടെ ഉത്പാദനത്തെയും വിതരണത്തെയും സാരമായി ബാധിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരം രാജ്യങ്ങളില്‍ ഓഗസ്റ്റ് മാസത്തില്‍ ഉത്പാദനം കുറയുമെന്നും സൂചനകളുണ്ടായിരുന്നു. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ, യു.എസിലേയും ഫാക്ടറികളില്‍ സെപ്റ്റംബര്‍ മുതല്‍ വാഹനങ്ങളുടെ നിര്‍മാണം കുറഞ്ഞേക്കും.

വാഹന മേഖലയ്ക്ക് പുറമെ, മൊബൈല്‍ ഫോണ്‍, ലാപ്പ്‌ടോപ് തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മാണത്തേയും ചിപ്പ് ക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ അനുഭവപ്പെടുന്ന ചിപ്പ് ക്ഷാമം 2022 അവസാനത്തോടെ ഭാഗികമായി കുറയ്ക്കാന്‍ സാധിക്കുമെങ്കിലും 2023-ഓടെ മാത്രമേ പൂര്‍ണമായി പരിഹരിക്കപ്പെടൂവെന്നാണ് സെമി കണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കളായ എസ്.ടി. മൈക്രോ ഇലക്ട്രോണിക്‌സ് മേധാവി ജീന്‍ മാര്‍ക്ക് അടുത്തിടെ അറിയിച്ചത്.

Source: BBC

Content Highlights: Chip Shortage, Toyota Planning To Reduce Production Of Cars