കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകത്താകമാനമുള്ള വാഹനമേഖലയിൽ ഉണ്ടാക്കിയ പ്രധാന പ്രതിസന്ധിയായിരുന്നു സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം. ചിപ്പുകളുടെ നിര്‍മാണത്തിലും വിതരണത്തിലുമുണ്ടായ ക്ഷാമം പുതുതലമുറ വാഹനങ്ങളുടെ നിര്‍മാണത്തെ ഗുരുതരമായി ബാധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വാഹന നിര്‍മാതാക്കള്‍ വാഹനനിര്‍മാണവും കുറച്ചിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ചിപ്പ് ക്ഷാമം താമസിയാതെ പരിഹരിക്കപ്പെടുന്നതായാണ് സൂചന.

വരുംമാസങ്ങളില്‍ വാഹനങ്ങളുടെ നിര്‍മാണം പൂര്‍വ്വസ്ഥിതിയിലെത്തുമെന്ന മാരുതിയുടെ പ്രഖ്യാപനത്തോടെയാണ് ചിപ്പുകള്‍ ലഭ്യമായി തുടങ്ങിയെന്ന നിഗമനങ്ങള്‍ ഉയർത്തുന്നത്. ചിപ്പുകളുടെ വിതരണം മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മാരുതി സ്വിഫ്റ്റ്, ഡിസയര്‍, വിത്താര ബ്രെസ തുടങ്ങിയ വാഹനങ്ങളുടെ നിര്‍മാണം ഉയര്‍ത്തുമെന്നുമാണ് മാരുതി അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ മാസത്തില്‍ 1.5 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് മാരുതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.

സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമത്തെ തുടര്‍ന്ന് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മാരുതിയുടെ വാഹന നിര്‍മാണത്തില്‍ 50 മുതല്‍ 60 ശതമാനം വരെ കുറവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതുതലമുറ വാഹനങ്ങളുടെ നിര്‍മാണത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് ചിപ്പ്. മലേഷ്യയില്‍ ചിപ്പ് നിര്‍മാണം പൂര്‍വ്വസ്ഥിതി കൈവരിച്ചാല്‍ ഡിസംബര്‍ മാസത്തോടെ മാരുതിയുടെ വാഹന നിര്‍മാണം നവംബര്‍ മാസത്തെക്കാള്‍ കൂടുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലാണ് പ്രധാനമായും ചിപ്പ് നിര്‍മിക്കുന്നത്. 

മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് അനുസരിച്ച് മലേഷ്യന്‍ ഫാബ് കമ്പനികളുടെ പ്രവര്‍ത്തനം സെപ്റ്റംബര്‍ മാസത്തോടെ 89 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റില്‍ ഇത് 51 ശതമാനം ആയിരുന്നു. മലേഷ്യന്‍ ഗവണ്‍മെന്റിന്റെ നയം അനുസരിച്ച് തൊഴിലാളികള്‍ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിക്കുന്നതോടെ 100 ശതമാനം ഉത്പാദനക്ഷമമാകുമെന്നാണ് സൂചനകള്‍. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ ചിപ്പ് നിര്‍മാണം 100 ശതമാനത്തിന് അടുത്തെത്തിയിട്ടുണ്ടെന്നും വരും മാസങ്ങളില്‍ ഇത് ഉയരുമെന്നുമാണ് റിപ്പോര്‍ട്ട്.

നവംബര്‍ മാസത്തില്‍ 1.5 ലക്ഷം വാഹനങ്ങളില്‍ നിര്‍മിക്കാനാണ് മാരുതിയുടെ പദ്ധതി. ഇത് യാഥാര്‍ഥ്യമായാല്‍ നാല് വര്‍ഷത്തിനിടെ മാരുതി കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന ഉത്പാദനമായിരിക്കും ഇത്. 2017-ലാണ് മാരുതിയുടെ ഏറ്റവും ഉയര്‍ന്ന നവംബര്‍ ഉത്പാദനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1.54 ലക്ഷമായിരുന്നു ഇത്. അടുത്ത മാസം ഉത്പാദനം ഉയര്‍ത്തുന്നത് നവംബര്‍ മാസത്തിലെ ഉത്സവ സീസണിലെ വില്‍പ്പനയ്ക്ക് കൂടുതല്‍ കരുത്തേകുമെന്നാണ് മാരുതി പ്രതീക്ഷിക്കുന്നത്.

Source: ET Auto

Content Highlights: Chip Shortage Issue Sorted, Maruti Planning To Increase Their Production