ഗോള വിപണിയില്‍ ചിപ്പ് ക്ഷാമം രൂക്ഷമായത് രാജ്യത്ത് വാഹനങ്ങളുടെ ഉത്പാദനത്തിനും വിതരണത്തിനും തിരിച്ചടിയാകുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വാഹനങ്ങളുടെ ഡിമാന്‍ഡ് കൂടിയെങ്കിലും ഈ ആവശ്യം നിറവേറ്റാന്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ മിക്ക കമ്പനികളുടെയും വാഹനങ്ങള്‍ ബുക്ക് ചെയ്ത് മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

ടാറ്റാ മോട്ടോഴ്സ്, നിസ്സാന്‍, ഫോര്‍ഡ്, മഹീന്ദ്ര, ഹ്യൂണ്ടായ്, അശോക് ലെയ്ലാന്‍ഡ് തുടങ്ങി മിക്ക വാഹന നിര്‍മാണ കമ്പനികളെയും ചിപ്പ് ക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ മൂന്നോ നാലോ കമ്പനികള്‍ മാത്രമാണ് ചിപ്പ് (സെമി കണ്ടക്ടര്‍) നിര്‍മാണ രംഗത്ത് സജീവമായിട്ടുള്ളത്. ചൈനയും കൊറിയയുമാണ് ചിപ്പുകളുടെ പ്രധാന വിതരണക്കാര്‍. ഇതിനു പുറമെ, യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും യു.എസില്‍നിന്നും ചിപ്പുകളെത്തുന്നുണ്ട്. എന്നാല്‍, അമേരിക്കന്‍ ചിപ്പുകള്‍ക്ക് ചെലവ് കൂടുതലാണ്. 

ചിപ്പുകളുടെ ഉയര്‍ന്ന ആവശ്യകതയും കോവിഡ് പ്രതിസന്ധി കാരണം ഉത്പാദനം തടസ്സപ്പെട്ടതുമാണ് ചിപ്പ് ക്ഷാമത്തിന് ഇടയാക്കിയത്. വാഹനങ്ങളില്‍ മാത്രമല്ല, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ഐപാഡ്, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയിലും ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. കോവിഡില്‍ ഇത്തരം ഉപകരണങ്ങളുടെ ആവശ്യകത കൂടിയതും ഉത്പാദനം വര്‍ധിച്ചതും ചിപ്പ് ക്ഷാമത്തിന് കാരണമായിട്ടുണ്ട്. 

നിലവിലെ പ്രതിസന്ധി ഈ വര്‍ഷം മുഴുവന്‍ നേരിട്ടേക്കുമെന്നാണ് കരുതുന്നതെന്നും ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (ഫാഡ) കേരള ഘടകം ചെയര്‍മാനും ഇ.വി.എം. ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ സാബു ജോണി പറഞ്ഞു. ചിപ്പ് കിട്ടാനില്ലാത്തതിനാല്‍ വാഹന നിര്‍മാതാക്കള്‍ ഉത്പാദനം വെട്ടിക്കുറയ്ക്കുകയാണ്. പുതിയ മോഡലുകളുടെ ലോഞ്ചിങ്ങിനെയും ഇത് ബാധിക്കുന്നുണ്ട്. 

കൂടുതല്‍ ഫീച്ചറുകളുള്ള ടോപ്പ് വേരിയന്റുകളിലാണ് കൂടുതല്‍ ചിപ്പുകള്‍ ആവശ്യമായിട്ടുള്ളത്. വാഹനത്തിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടച്ച് സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകളുടെയും പ്രവര്‍ത്തനം ചിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍, നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഫീച്ചറുകള്‍ വെട്ടിക്കുറയ്ക്കാനും ടോപ്പ് വേരിയന്റുകള്‍ക്കു പകരം കുറഞ്ഞ വേരിയന്റുകള്‍ വിപണിയിലെത്തിക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുന്നു.

ചിപ്പ് കുറവുള്ള വേരിയന്റുകള്‍ വിപണിയിലെത്തുന്നുണ്ടെങ്കിലും കേരളത്തിലെ മിക്ക ഉപഭോക്താക്കളും ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും കൂടിയ മോഡലുകളാണ്. ഇത് വാഹന വില്പനയെ സാരമായി ബാധിക്കുന്നുണ്ടെന്നും ഡെലിവറി സമയം നീളുന്നതായും സാബു ജോണി വ്യക്തമാക്കി.

ചിപ്പ് നിര്‍മാണരംഗത്ത് പ്രവേശിക്കാന്‍ പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്

ആഗോളതലത്തില്‍ ചിപ്പ് ക്ഷാമം രൂക്ഷമായിരിക്കെ, ഇന്ത്യയില്‍ ചിപ്പുകള്‍ ഉത്പാദിപ്പിക്കാന്‍ പദ്ധതിയിട്ട് ടാറ്റ ഗ്രൂപ്പ്. ഐ.എം.സി. ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പരിപാടിയില്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

രൂക്ഷമായ ചിപ്പ് ക്ഷാമം ലോകത്തിലെ വാഹന- ഇലക്ട്രോണിക്‌സ് ഉത്പന്ന വിപണിയെ വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. ഇതുകാരണം ടാറ്റ മോട്ടോഴ്‌സിനും ജഗ്വാര്‍ ലാന്‍ഡ് റോവറിനും ബുക്കിങ് പ്രകാരം വാഹനം ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ടാറ്റ ചെയര്‍മാന്റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. അടുത്തിടെ ഇലക്ട്രോണിക്‌സ് ഉത്പന്ന നിര്‍മാണം, 5 ജി ഉപകരണ നിര്‍മാണം എന്നിങ്ങനെ പുതിയ മേഖലകളിലേക്ക് ടാറ്റ ഗ്രൂപ്പ് പ്രവേശിച്ചിട്ടുണ്ട്.

നിലവില്‍ ഇന്ത്യയില്‍ അര്‍ധചാലക, ചിപ്പ് ഉത്പാദനമില്ല. ഇതിന് വലിയതോതില്‍ നിക്ഷേപം ആവശ്യമാണ്. വീഡിയോകോണ്‍ ഗ്രൂപ്പിനെ പാപ്പരത്ത നടപടിയില്‍ ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്ന വേദാന്ത ഗ്രൂപ്പും അര്‍ധചാലക നിര്‍മാണത്തിലേക്ക് കാല്‍വെക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Chip Shortage Affect Car Production, Long Waiting Period For New Cars