ഗോളവിപണിയില്‍ രൂക്ഷമായ ചിപ്പ് ക്ഷാമം രാജ്യത്തെ വാഹന ഉത്പാദനത്തിന് വലിയ തിരിച്ചടിയാകുന്നു. വാഹനങ്ങള്‍ക്കുള്ള പുറമെ, സ്മാര്‍ട്ട്ഫോണ്‍, ലാപ്‌ടോപ്പ്, ഗാര്‍ഹികോപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ മന്ദഗതിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് രണ്ടാംതരംഗം തടയാനേര്‍പ്പെടുത്തിയ ലോക്ഡൗണുകളില്‍ അയവുവന്നതോടെ വാഹനം ഉള്‍പ്പെടെയുള്ള മറ്റ് ഉപകരണങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നുണ്ട്. എന്നാല്‍, ചിപ്പിന്റെ ലഭ്യത കുറയുന്നതിനാല്‍ തന്നെ അതിനനുസരിച്ച് ഉത്പാദനം നടത്താന്‍ കമ്പനികള്‍ക്കാകുന്നില്ല.

കാര്‍ ഉത്പാദന മേഖലയാണ് ചിപ്പ് ക്ഷാമം മൂലം പ്രതിസന്ധി നേരിടുന്ന പ്രധാന വിഭാഗം. കോവിഡിനു ശേഷം വാഹനങ്ങളുടെ ഡിമാന്റ് വര്‍ധിച്ചിട്ടുണ്ടെങ്കിലും ഈ ആവശ്യം നിറവേറ്റാന്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല. വാഹന പ്ലാന്റുകളിലെ ഉത്പാദനശേഷി പൂര്‍ണമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാന തിരിച്ചടി.

പത്തു മുതല്‍ 15 ശതമാനം വരെ ഉത്പാദന നഷ്ടമുണ്ടാകുന്നതായാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ഫോര്‍ഡ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹ്യുണ്ടായ് എന്നിങ്ങനെ മിക്ക കമ്പനികളെയും ചിപ്പ് ക്ഷാമം കാര്യമായി ബാധിച്ചിച്ചുണ്ട്. കാറുകളുടെ കാത്തിരിപ്പുസമയം കൂടാനിത് ഇടയാക്കുന്നു.

ഇന്ത്യയില്‍ ഈ മാസം സ്മാര്‍ട്ട്ഫോണ്‍ വിതരണം 70 ശതമാനം വരെ കുറയുമെന്നാണ് സാംസങ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ആപ്പിള്‍, എച്ച്.പി., ലെനോവോ, ഡെല്‍, ഷവോമി, വണ്‍പ്ലസ്, റിയല്‍മി തുടങ്ങിയ കമ്പനികളുടെയും ഉത്പാദനത്തെ ക്ഷാമം ബാധിച്ചിട്ടുണ്ട്. അതേസമയം, ഉത്സവ സീസണ്‍ മുന്‍നിര്‍ത്തി ചിപ്പുകളുടെ ശേഖരം തയ്യാറാക്കിയിട്ടുണ്ടെന്ന് റിയല്‍മി ഇന്ത്യ-യൂറോപ്പ് സി.ഇ.ഒ. മാധവ് സേത്ത് അറിയിച്ചു.

Content Highlights: Chip Shortage Affect Car Production In India, Booking Period Increase