ന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വാധീനം ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഇന്ത്യയിലുള്ള വാഹന നിര്‍മാതാക്കളെല്ലാം തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള തിരക്കുകളിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ കരുത്തന്‍ സാന്നിധ്യമാകാന്‍ എത്തിയിരിക്കുകയാണ് ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി.(ബിള്‍ഡ് യുവര്‍ ഡ്രീംസ്) എന്ന കമ്പനി.

എം.പി.വി. ശ്രേണിയിലേക്കാണ് ഇ6 എന്ന പേരില്‍ ബി.വൈ.ഡിയുടെ ഇലക്ട്രിക് മോഡല്‍ വരവിനൊരുങ്ങിയിരിക്കുന്നത്. 29.15 ലക്ഷം രൂപയായിരിക്കും ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില. എന്നാല്‍, വാണിജ്യ വാഹനമായാണ് ഇ6 എം.പി.വി. എത്തിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. സ്വകാര്യ ഉപയോക്താക്കള്‍ക്കായി ഈ എം.പി.വി. എത്തിക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഉയര്‍ന്ന റേഞ്ചാണ് ഈ വാഹനത്തിന്റെ മുഖമുദ്രയായി നിര്‍മാതാക്കള്‍ ഉയര്‍ത്തി കാട്ടുന്നത്. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 415 മുതല്‍ 520 കിലോമീറ്റര്‍ വരെ റേഞ്ചാണ് ഈ വാഹനം ഒരുക്കുന്നതെന്നാണ് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ടെസ്റ്റ് സൈക്കിള്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ഡി.സി. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 35 മിനിറ്റിനുള്ളില്‍ 30 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനും സാധിക്കും.

ബി.വൈ.ഡിയുടെ ഇ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. എം.പി.വി. ശ്രേണിയിലാണ് എത്തുന്നതെങ്കിലും അഞ്ച് സീറ്റാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 71.7 കിലോവാട്ട് ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ഈ എം.പി.വിയിലുള്ളത്. ഇതില്‍ നല്‍കിയിട്ടുള്ള  സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ 95 ബി.എച്ച്.പി. പവറും 180 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 130 കിലോമീറ്ററാണ് പരമാവധി വേഗത.

പുതുതലമുറ വാഹനങ്ങള്‍ക്ക് സമാനമായ ഡിസൈനും ഫീച്ചറുകളുമായാണ് ഈ ഇലക്ട്രിക് മോഡലും എത്തിയിട്ടുള്ളത്. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും ടെയ്ല്‍ലാമ്പും വേറിട്ട ഡിസൈനിലുള്ള ഗ്രില്ലും റിയര്‍വ്യൂ മിററും, 17 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍ തുടങ്ങിയവയാണ് ഈ വാഹനത്തെ സ്‌റ്റൈലിഷാക്കുന്നത്. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വൈ-ഫൈ തുടങ്ങിയ ന്യൂജെന്‍ ഫീച്ചറുകളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: Chinese car maker BYD Launch e6 electric MPV in india, Electric MPV, Electric Car, High Range EV, Electric Vehicle