ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് ഉടന്‍ വരവ് കാത്തിരിക്കുന്ന എംജി മോട്ടോഴ്‌സ്, കിയ എന്നിവയ്ക്ക് പിന്നാലെ 2021-22 കാലഘട്ടത്തോടെ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇങ്ങോട്ടെത്തുമെന്നാണ് സൂചന. ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുള്ള പാസഞ്ചര്‍ വാഹന ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ്‌ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് വരുന്നത്. 

ചൈനീസ് കമ്പനിയായ ഷാങ്ഹായ്‌ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ (SAIC) ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ശ്രമം തുടങ്ങുമ്പോഴാണ് മറ്റൊരു ചൈനീസ് വാഹനംകൂടി ഇന്ത്യയിലെത്തുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ഇക്കാര്യത്തില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് അനൗദ്യോഗിക സ്ഥിരീകരണം നടത്തിയേക്കും. അതേസമയം ലോഞ്ചിന് മുമ്പെതന്നെ ഗ്രേറ്റ് വാളിന്റെ സാന്നിധ്യം ഇന്ത്യയിലുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ കോഡിങ് സോഫ്റ്റ്‌വെയര്‍, നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ എന്നിവയ്ക്കായി കമ്പനിയുടെ ഒരു റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ടെക്‌നോളജി ഹബ്ബ് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നിലവില്‍ ചൈനയിലെ ഏറ്റവും വലിയ എസ്.യു.വി, പിക്കപ്പ് ട്രക്ക് നിര്‍മാതാക്കളാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ്. ഗ്രേറ്റ് വാള്‍, ഹവല്‍, വേ, ORA എന്നീ നാല് ബ്രാന്‍ഡുകള്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന് കീഴിലുണ്ട്. ചൈനയില്‍ സെഡാന്‍, പിക്കപ്പ് ട്രക്ക്, പാസഞ്ചര്‍ കാര്‍ എന്നിവയാണ് ഗ്രേറ്റ് വാളിലൂടെ പുറത്തിറങ്ങുന്നത്. എസ്.യു.വികളിലാണ് ഹവലിന്റെ ശ്രദ്ധ. വേയിലൂടെ അഡംബര വാഹനങ്ങളും ORA ഇലക്ട്രിക് വാഹനങ്ങളുമാണ് പുറത്തിറക്കുന്നത്. ഇതില്‍ ഗ്രേറ്റ് വാള്‍ ബ്രാന്‍ഡിലുള്ള പാസഞ്ചര്‍ വാഹനങ്ങളാണ് ആദ്യം ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

Content Highlights; China's Auto Giant 'Great Wall Motors' To Enter India