പ്രതീകാത്മക ചിത്രം| Photo: Mathrubhumi
സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിലാകുന്നു. ഇതിന്റെ ഭാഗമായി പൊതുമേഖല സ്ഥാപനമായ എനര്‍ജി എഫിഷന്‍സി സര്‍വീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ കണ്‍വെര്‍ജന്‍സ് എനര്‍ജി ലിമിറ്റഡ് ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് എസ്.യു.വിയായ നെക്സോണിന്റെ 300 യൂണിറ്റ് ബുക്കുചെയ്തു.
രാജ്യത്തുടനീളമുള്ള കര്‍വെര്‍ജന്‍സ് എനര്‍ജി ലിമിറ്റഡിന്റെ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിനായാണ് 300 വാഹനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ ഉപയോഗിക്കുന്ന പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങള്‍ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. അടുത്തിടെയാണ് രാജ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ ഇലക്ട്രിക് വാഹനം ഉപയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കുറഞ്ഞത് 250 കിലോമീറ്റര്‍ റേഞ്ച്, മൂന്ന് വര്‍ഷത്തെ വാറണ്ടി, നാല് മീറ്റര്‍ നീളമുള്ള വാഹനം എന്നിവയാണ് ഇലക്ട്രിക് വാഹനത്തിന് കണ്‍വെര്‍ജന്‍സ് എനര്‍ജി വകുപ്പ് ആവശ്യപ്പെടുന്നത്. ഒരു വാഹനത്തിന് ജി.എസ്.ടിക്ക് പുറമെ, 14.33 ലക്ഷം രൂപയാണ് സ്ഥാപനം അനുവദിക്കുന്നത്. ഏകദേശം 44 കോടി രൂപയുടെ കരാറാണ് ടാറ്റയുമായി ഇവര്‍ ഉണ്ടാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എസ്.യു.വിയാണ് നെക്സോണ്‍ ഇവി. 13.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. ഒറ്റത്തവണ ചാര്‍ജിലൂടെ 312 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ വാഹനത്തിന് കഴിയും. ടാറ്റ വികസിപ്പിച്ചെടുത്ത സിപ്ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നെക്സോണ്‍ ഇ.വി ഒരുങ്ങിയിരിക്കുന്നത്.
ഐപി 67 സര്‍ട്ടിഫൈഡ് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഒമ്പത് മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്ജാവാനുള്ള സമയം. എന്നാല്‍, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരുമണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. അതിവേഗ ചാര്‍ജിങ് സൗകര്യം ഇതിലുണ്ട്.
Source: Autocar Professional
Content Highlights: CESL Planning To buy 300 Tata Nexon Electric SUV
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..