മേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും രാജ്യത്തെ ഇറക്കുമതി തീരുവ താങ്ങാവുന്നതിലും അപ്പുമറാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇക്കാര്യം ടെസ്‌ലയുടെ മേധാവി അടുത്തിടെ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വ്യവസായത്തെ ഇന്ത്യയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച്ചകള്‍ക്ക് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ കാറുകള്‍ നിര്‍മിക്കാന്‍ ടെസ്‌ല തീരുമാനിക്കുകയാണെങ്കില്‍ നിര്‍മാതാവിന് നികുതി ഇളവുകള്‍ ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന വാഹനങ്ങളില്‍ 40,000 ഡോളറില്‍ താഴെ വില വരുന്നവയുടെ നികുതി 60 ശതമാനത്തില്‍ നിന്ന് 40 ശതമാനം ആക്കി കുറയ്ക്കണമെന്നായിരുന്നു ടെസ്‌ല കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

ഇത്തരത്തില്‍ നികുതി കുറയ്ക്കാന്‍ തയാറായാല്‍ ഇത് സര്‍ക്കാരിന് കൂടുതല്‍ വരുമാനം നേടി നല്‍കുമെന്നാണ് ടെസ്‌ലയുടെ വിലയിരുത്തല്‍. ഇന്ത്യന്‍ വാഹന വിപണിയില്‍ ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാന്‍ കമ്പനി തയാറാണ്. എന്നാല്‍, ഉയര്‍ന്ന നികതിയാണ് കമ്പനിക്ക് മുന്നിലുള്ള തടസമെന്നാണ് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല കഴിഞ്ഞ ദിവസം അറിയിച്ചത്. 

ടെസ്‌ലയുടെ വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ട്വീറ്റിന് മറുപടിയായാണ് ഇലോണ്‍ മസ്‌ക് ഇന്ത്യയിലെ നികുതി പരാമര്‍ശിച്ചത്. ഇന്ത്യ പ്രവേശനം ഞങ്ങളും ആഗ്രഹിക്കുന്നു. പക്ഷെ ലോകത്തിലെ മറ്റ് വലിയ രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. ഇതിനുപുറമെ, ഇലക്ട്രിക്ക് വാഹനങ്ങളെയും പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളെ പോലെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ഇന്ത്യയില്‍ വാഹന നിര്‍മാണ ശാലകള്‍ സ്ഥാപിക്കാനും മറ്റുമായി രാജ്യം വിവിധ വന്‍കിട കമ്പനികളെയും ക്ഷണിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം വാഹനങ്ങളുടെ ജി.എസ്.ടി. 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടുമുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെയും ജി.എസ്.ടി. 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Source: The Economic Times

Content Highlights: Central Government May Reduce Import Duty For Electric Vehicle Company Tesla