യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാറുകളില്‍ ഇരട്ട എയര്‍ബാഗ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവിന് കൂടുതല്‍ സമയം അനുവദിച്ച് കേന്ദ്ര ഉപരിതല മന്ത്രാലയം. ഓഗസ്റ്റ് ഒന്ന് മുതല്‍ വില്‍ക്കുന്ന കാറുകളില്‍ ഇരട്ട എയര്‍ബാഗ് നിര്‍ബന്ധമാക്കുമെന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാല്‍, നിലവിലെ കോവിഡ് പ്രതിസന്ധികള്‍ കണക്കിലെടുത്ത് ഇതിന് ഡിസംബര്‍ 31 വരെ സമയം അനുവദിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. നാല് മാസമാണ് സമയം നീട്ടി നല്‍കിയിട്ടുള്ളത്.

പുതുതായി നിരത്തുകളില്‍ ഇറങ്ങുന്ന വാഹനങ്ങളില്‍ ഡ്യുവല്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കണമെന്നാണ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രീം കോടതി കമ്മിറ്റി നിര്‍ദേശിച്ചിരുന്നത്. വാഹനങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള സുപ്രധാന ഫീച്ചറാണ് എയര്‍ബാഗ് എന്നായിരുന്നു മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സമിതി വളരെ കാലമായി വാഹനങ്ങളിലെ ഡ്യുവല്‍ എയര്‍ബാഗ് എന്ന ആശയം ഉന്നിയിക്കുന്നുണ്ട്. 

വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 800 സി.സിയില്‍ അധികം എന്‍ജിന്‍ ശേഷിയുള്ള വാഹനങ്ങളില്‍ ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റം (എ.ബി.എസ്) നിര്‍ബന്ധമാക്കി ഒരു വര്‍ഷം പിന്നിടുന്നതോടെയാണ് എയര്‍ബാഗും നിര്‍ബന്ധമാക്കാനൊരുങ്ങുന്നത്. 2019 ജൂലൈ ഒന്നിന് ശേഷം ഇന്ത്യയിലെത്തിയിട്ടുള്ള ചെറു കാറുകളില്‍ പോലും ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് നിര്‍ബന്ധമാക്കിയിരുന്നു. ഇതോടെ ബജറ്റ് കാറുകളില്‍ പോലും ഡ്യുവല്‍ എയര്‍ബാഗ് ഒരുങ്ങും. 

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എ.ഐ.എസ് 145 ഗുണനിലവാരം ഉറപ്പ് വരുത്തിയിട്ടുള്ള എയര്‍ബാഗുകളായിരിക്കും വാഹനത്തില്‍ നല്‍കുന്ന രണ്ടെണ്ണവുമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിലുണ്ട്. വാഹനത്തിന്റെ വില കുറയ്ക്കുന്നതിനും നിര്‍മാണ ചിലവ് കുറയ്ക്കുന്നതിനുമായി എന്‍ട്രി ലെവല്‍ വാഹനങ്ങളുടെ അടിസ്ഥാന വേരിയന്റില്‍ ഡ്രൈവര്‍ സൈഡില്‍ മാത്രമായിരുന്നു എയര്‍ബാഗ് ഒരുക്കിയിരുന്നത്. 

ഇത്തരത്തിലുള്ള വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതും സാധാരണമാണ്. ഇത് പരിഗണിച്ചാണ് രണ്ട് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. എ.ബി.എസ്-ഇ.ബി.ഡി. തുടങ്ങിയ സുരക്ഷ ഫീച്ചറുകള്‍ക്ക് പുറമെ,  സ്പീഡ് അലേര്‍ട്ട്, സീറ്റ് ബൈല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിങ്ങ് സെന്‍സര്‍ തുടങ്ങി സുരക്ഷ കാര്യക്ഷമമാക്കുന്നതിനുള്ള ഫീച്ചറുകളും വാഹനത്തില്‍ നല്‍കുന്നുണ്ട്.

Content Highlights: Central Government Has Allowed More Time For Dual Airbag In Cars