ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സംസ്ഥാനത്തെ കാര്‍ വിപണി മെല്ലെ സജീവമാകുകയാണ്. കോവിഡ് ഭീതി കാരണം പൊതുഗതാഗതം ഒഴിവാക്കി, സ്വന്തം വാഹനത്തിലുള്ള യാത്രയ്ക്ക് ആളുകള്‍ താത്പര്യം കാണിക്കുന്നതാണ് വിപണിക്ക് ഉണര്‍വേകുന്നത്.
അന്വേഷണങ്ങളുടെ എണ്ണം ലോക്ഡൗണിന് മുമ്പുള്ളതിനെക്കാള്‍ കൂടിയെന്ന് വിപണി വൃത്തങ്ങള്‍ പറഞ്ഞു. ഓരോ ഷോറൂമിലും ലോക്ഡൗണിനു മുമ്പ് ദിവസവും ശരാശരി 810 അന്വേഷണങ്ങള്‍ വന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1214 അന്വേഷണങ്ങളാണ് വരുന്നത്. കൂടാതെ, ബുക്കിങ്ങിന്റെ എണ്ണവും വര്‍ധിക്കുന്നുണ്ട്.
വാഹനം വാങ്ങാന്‍ ഉറച്ചുതന്നെയാണ് മിക്കവരും അന്വേഷണം നടത്തുന്നതെന്നും അന്വേഷണം വില്പനയിലേക്ക് മാറുന്ന തോത് വര്‍ധിച്ചെന്നും പോപ്പുലര്‍ ഹ്യുണ്ടായ് സെയില്‍സ് ജനറല്‍ മാനേജര്‍ ബി. ബിജു പറഞ്ഞു.
ചെറുകാറുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. ആദ്യമായി കാര്‍ വാങ്ങുന്നവരാണ് അധികവും. കൂടാതെ, വീട്ടില്‍ വലിയ കാര്‍ ഉള്ളവര്‍ക്ക് ഇപ്പോഴത്തെ ആവശ്യങ്ങള്‍ നടത്താന്‍ രണ്ടാമതും കാര്‍ വാങ്ങുന്ന പ്രവണതയുണ്ട്. വീട്ടിലെ സ്ത്രീകള്‍ക്കു വേണ്ടി കാര്‍ വാങ്ങുന്നതും കൂടി. അതിനാല്‍ത്തന്നെ, ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് അന്വേഷണം ഏറി. മാസ ശമ്പളക്കാരാണ് ഇപ്പോള്‍ അധികവും കാര്‍ വാങ്ങുന്നത്.
കോവിഡ് ഭീതിക്കു പുറമേ, പൊതുഗതാഗതത്തിന്റെ ചെലവ് വര്‍ധിച്ചതും മതിയായ പൊതുഗതാഗത സൗകര്യമില്ലാത്തതും ആളുകളെ സ്വന്തം വാഹനം വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍, ഇപ്പോള്‍ മുന്തിയ മോഡലുകള്‍ക്ക് പകരം വില കുറഞ്ഞ മോഡലുകളോടാണ് ആളുകള്‍ക്ക് താത്പര്യം.
പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ കാര്‍ വില്പന ഇനിയും ഉയരുമെന്നാണ് വിപണിയുടെ പ്രതീക്ഷ. പ്രവാസികള്‍ പലരും കാര്‍ ഉപയോഗിച്ച് ശീലിച്ചവരാണ്. അവര്‍ക്ക് ഒരു വാഹനം കൂടിയേ തീരൂ. വില കുറഞ്ഞ മോഡലുകള്‍ ആണെങ്കിലും അവര്‍ ഏതെങ്കിലും വാഹനം വാങ്ങാനാണ് സാധ്യത. കഴിഞ്ഞ കാലങ്ങളില്‍ സാമ്പത്തിക മാന്ദ്യം കാരണം ഗള്‍ഫില്‍നിന്ന് പ്രവാസികള്‍ മടങ്ങിയപ്പോള്‍ മലബാറില്‍ ആള്‍ട്ടോ മോഡലുകളുടെ വില്പന കൂടിയത് അതിന്റെ തെളിവാണെന്ന് പോപ്പുലര്‍ മാരുതി സെയില്‍സ് ഹെഡ് ആന്‍സണ്‍ ജാവേദ് പറഞ്ഞു.
Content Highlights: Car Sale Shows Positive Growth After Lock Down In Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..