കോവിഡ് നേരിടുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇളവുകള്‍ വന്ന് രണ്ടുമാസം പിന്നിടുമ്പോള്‍ രാജ്യത്തെ കാര്‍ വിപണി സാധാരണനിലയിലേക്ക്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ കാര്യമായ പുരോഗതിയുണ്ടായതായാണ് വിവിധ കമ്പനികള്‍ ശനിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ വാങ്ങുന്നത് കമ്പനികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

ഏപ്രിലില്‍ ഒരു കാര്‍പോലും വിറ്റഴിക്കാന്‍ കഴിയാതിരുന്ന മാരുതി സുസുക്കി ജൂലായില്‍ കയറ്റുമതിയടക്കം 1,08,064 കാറുകളാണ് വിറ്റഴിച്ചത്. ജൂണിലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 88.2 ശതമാനമാണ് വില്‍പ്പനയിലെ വളര്‍ച്ച. ഓള്‍ട്ടോ, വാഗണ്‍ ആര്‍ എന്നീ ചെറുകാറുകളുടെ വില്‍പ്പന 2019 ജൂലായിലെ 11,577 എണ്ണത്തില്‍നിന്ന് 49.11 ശതമാനം ഉയര്‍ന്ന് 17,258 എണ്ണമായി എന്നും കമ്പനി അറിയിച്ചു. 2019 ജൂലായില്‍ 1,09,264 വാഹനങ്ങളായിരുന്നു ആകെ വിറ്റഴിച്ചത്. ഇതനുസരിച്ച് 2020 ജൂലായില്‍ വില്‍പ്പനയില്‍ 1.1 ശതമാനം മാത്രമാണ് കുറവ്.

രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പനയിലും ജൂണിനെ അപേക്ഷിച്ച് കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. 2019 ജൂലായിലെ ആഭ്യന്തര വില്‍പ്പനയുടെ 98 ശതമാനവും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതായി കമ്പനി അറിയിച്ചു. 2019 ജൂലായില്‍ 39,010 വാഹനങ്ങളാണ് ആഭ്യന്തര വിപണിയില്‍ വിറ്റത്. ഈ വര്‍ഷമിത് 38,200 എണ്ണമാണ്. രണ്ടു ശതമാനം മാത്രമാണ് കുറവ്. 

അതേസമയം, കയറ്റുമതി മുന്‍വര്‍ഷത്തെ 18,300ല്‍ നിന്ന് 83 ശതമാനം കുറഞ്ഞ് 3100 ആയി. കയറ്റുമതി അടക്കം ആകെ വില്‍പ്പന 2019 ജൂലായിലെ 57,310 എണ്ണത്തില്‍നിന്ന് 28 ശതമാനം കുറഞ്ഞ് 41,300 ആയിട്ടുണ്ട്. 2020 ജൂണില്‍ 21,320 വാഹനങ്ങളായിരുന്നു കമ്പനി വിറ്റത്.

ടാറ്റ മോട്ടോഴ്‌സിന് 16 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ജൂലായില്‍ ഉണ്ടായതെന്ന് കമ്പനി പറയുന്നു. 15,000 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. ജൂണിലിത് 11,419 എണ്ണമായിരുന്നു. 2019 ജൂലായിലെ 10,485 എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 43 ശതമാനം വില്‍പ്പന വളര്‍ച്ച ഉണ്ടായിട്ടുണ്ട്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ട്രാക്ടര്‍ ഉള്‍പ്പെടെ 25,678 വാഹനങ്ങളാണ് ജൂലായില്‍ വിപണിയിലെത്തിച്ചത്. ജൂണിലെ 19,358 നെ അപേക്ഷിച്ച് 32.64 ശതമാനമാണ് വര്‍ധന. 2019 ജൂലായില്‍ 40,142 യൂണിറ്റുകളായിരുന്നു കമ്പനി വിറ്റഴിച്ചത്. ഇതനുസരിച്ച് 2020 ജൂലായില്‍ വില്‍പ്പനയില്‍ 36.03 ശതമാനം കുറവുണ്ടായി. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ജൂലായില്‍ 5386 വാഹനങ്ങള്‍ വിപണിയിലെത്തിച്ചു. ജൂണിലെ 3866 യൂണിറ്റിനേക്കാള്‍ 39.31 ശതമാനം അധികം. 2019 ജൂലായില്‍ 10,423 വാഹനങ്ങള്‍ കമ്പനി വിറ്റഴിച്ചിരുന്നു.

Content Highlights: Car Market; Sales Growth In Indian Car Market