മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ റേഞ്ച് റോവർ എസ്.യു.വികളും | Photo: CS 12 VLOGS/PTI
റോള്‍സ് റോയിസ്, മെഴ്‌സിഡീസ് ബെന്‍സ്, ലാന്‍ഡ് റോവര്‍, ബി.എം.ഡബ്ല്യു, ഫെരാരി തുടങ്ങി ഇന്ത്യയില്‍ ലഭിക്കാവുന്ന എല്ലാ ആഡംബര വാഹനങ്ങളുമുള്ള ഗ്യാരേജാണ് റിലയന്‍സ് ഗ്രൂപ്പ് മേധാവിയായ മുകേഷ് അംബാനിയുടേത്. ജിയോ ഗ്യാരേജ് എന്ന് വിശേഷിപ്പിക്കുന്ന ഈ വാഹനങ്ങളുടെ പറുദീസയിലേക്ക് പുതുതായി രണ്ട് വാഹനങ്ങള്‍ കൂടി എത്തിയിരിക്കുകയാണ്. ലാന്‍ഡ് റോവറിന്റെ പുതുതലമുറ റേഞ്ച് റോവര്‍ ലോങ്ങ് വീല്‍ ബേസാണ് ജിയോ ഗ്യാരേജിലെ പുതിയ സാന്നിധ്യം.
റേഞ്ച് റോവര്‍ ലോങ്ങ് വീല്‍ ബേസിന്റെ 2023 പതിപ്പ് ഇന്ത്യയില്‍ തന്നെ ആദ്യമായി പുറത്തിറക്കിയത് അദാനി ഗ്രൂപ്പ് മേധാവിയായ ഗൗതം അദാനിയാണെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം നാല് കോടി രൂപയോളം വില വരുന്ന ഈ വാഹനത്തിന്റെ ഒരു യൂണിറ്റാണ് അദാനി സ്വന്തമാക്കിയതെങ്കില്‍ രണ്ട് റേഞ്ച് റോവറുകളാണ് മുകേഷ് അംബാനി അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തില്‍ എത്തിച്ചിരിക്കുന്നതെന്നാണ് വിവരം. അദ്ദേഹം സുരക്ഷ വാഹനങ്ങളിലേക്കാണ് ഇത് എത്തിയതെന്നാണ് വിലയിരുത്തല്‍.
റേഞ്ച് റോവറിന്റെ ഡീസല്‍ പതിപ്പാണ് ജിയോ ഗ്യാരേജില്‍ എത്തിയിട്ടുള്ളത്. 3.0 ലിറ്റര്‍ ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനം 346 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം 4x4 സംവിധാനവും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. 3.0 ലിറ്റര്‍, 4.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ഈ വാഹനം എത്തുന്നുണ്ട്.
അത്യാഡംബര സംവിധാനങ്ങളാണ് ഈ വാഹനത്തിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്. 13 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ഉയര്‍ന്ന ലെഗ്റൂം തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്.
കാഴ്ചയിലുള്ള തലയെടുപ്പും ഈ വാഹനത്തിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ലാന്‍ഡ് റോവര്‍ എസ്.യു.വികളുടെ തലയെടുപ്പ് ഒട്ടും കുറയാതെയുള്ള വാഹനമാണ് റേഞ്ച് റോവര്‍ ലോങ്ങ് വീല്‍ ബേസും. ലാന്‍ഡ് റോവര്‍ സിഗ്‌നേച്ചര്‍ ഗ്രില്ല്, ബ്ലാക്ക് സ്മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ക്രോമിയം പാനല്‍ നല്‍കിയിട്ടുള്ള വലിയ എയര്‍ഡാം, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഏറെ പുതുമയോടെ ഒരുങ്ങിയിട്ടുള്ള റിയര്‍ പ്രൊഫൈല്‍, നേര്‍ത്ത എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവയാണ് എക്സ്റ്റീരിയര്‍ അലങ്കരിക്കുന്നത്.
Content Highlights: business tycoon mukesh ambani buys two Land Rover Range Rover Long Wheel Base Luxury SUV
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..