ബെന്റ്ലി ബെന്റെയ്ഗ, മുകേഷ് അംബാനി | Photo: Social Media/ PTI
ആഡംബര വാഹനങ്ങളുടെ പറുദീസയാണ് റിലയന്‍സ് ഗ്രൂപ്പ് മേധാവിയായ മുകേഷ് അംബാനിയുടെ ഗ്യാരേജ്. ഏത് വാഹനപ്രേമിയേയും ആകര്‍ഷിക്കുന്ന ഈ ഗ്യാരേജില്‍ റോള്‍സ് റോയിസ്, മെഴ്സിഡീസ് മേബാക്ക്, ഫെരാരി, ടെസ്ല, ലാന്‍ഡ് റോവര്‍, ബി.എം.ഡബ്ല്യു. തുടങ്ങിയ നിരവധി പ്രീമിയം വാഹനങ്ങളാണ് നിരന്നുനില്ക്കുന്നത്. ഈ വാഹനങ്ങളിലേക്ക് ബ്രീട്ടീഷ് വാഹന നിര്‍മാതാക്കളായ ബെന്റ്ലിയുടെ ബെന്റെയ്ഗ എസ്.യു.വിയുടെ പുതിയ മോഡല്‍ കൂടി എത്തിയിരിക്കുകയാണ്. 4.10 കോടി രൂപയാണ് ഈ വാഹനത്തിന്റെ വിലയെന്നാണ് സൂചന.
എന്നാല്‍, അംബാനിയുടെ ഗ്യാരേജിലെ ആദ്യ ബെന്റെയ്ഗ എസ്.യു.വിയല്ല ഇത്. രണ്ട് ബെന്റെയ്ഗ മോഡലുകള്‍ മുമ്പുതന്നെ ഈ ഗ്യാരേജിലുണ്ട്. അംബാനി സ്വന്തമാക്കുന്ന മൂന്നാമത്തെ ബെന്റ്ലി ബെന്റെയ്ഗയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പേരില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, അടുത്തിടെയാണ് ഈ വാഹനം നിരത്തുകളില്‍ ഇറങ്ങിയതിന്റെ ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.
ബെന്റെയ്ഗയുടെ W12 എന്ജിന് പതിപ്പാണ് ആദ്യമായി അംബാനിയുടെ ഗ്യാരേജിലെത്തിയത്. ഈ വാഹനത്തിന്റെ ഇന്ത്യയിലെ തന്നെ ആദ്യ ഉടമയായിരുന്നു അദ്ദേഹമെന്നാണ് സൂചന. 3.85 കോടി രൂപയായിരുന്നു ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇതിന് പിന്നാലെ തന്നെ ബെന്റെയ്ഗയുടെ V8 മോഡലും അദ്ദേഹത്തിന്റെ ഗ്യാരേജില്‍ സ്ഥാനം പിടിച്ചിരുന്നു. ആനന്ദ് അംബാനിയുടെ ഉപയോഗത്തിനായാണ് ഈ വാഹനം എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
2015-ല്‍ പുറത്തിറങ്ങിയ ബെന്റെയ്ഗ എസ്.യു.വി. കഴിഞ്ഞ വര്‍ഷമാണ് ആദ്യ മുഖംമിനുക്കല്‍ നടത്തിയത്. ഈ പതിപ്പാണ് ഏറ്റവുമൊടുവില്‍ അംബാനി ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. ബെന്റ്ലിയുടെ കോണ്ടിനെന്റല് ജിടി, ഫ്ളൈങ്ങ് സ്പര് തുടങ്ങിയവയോട് സമ്യമുള്ള ഡിസൈന്‍ നല്‍കിയായിരുന്നു മുഖം മിനുക്കല്‍. വലിയ മാട്രിക്സ് ക്രോമിയം ഗ്രില്ല്, ബെന്റ്ലിയുടെ സിഗ്നേച്ചര്‍ ഇന്റലിജെന്റ് എല്‍ഇടി ഹെഡ്ലാമ്പ്, അഗ്രസീവ് ഭാവമൊരുക്കുന്ന ബംമ്പര്‍ എന്നിവയാണ് ബെന്റെയ്ഗയ്ക്ക് സൗന്ദര്യമേകുന്നത്.
ആഡംബരത്തിന്റെ അവസാന വാക്കാണ് ഈ വാഹനത്തിലെ അകത്തളം. അലുമിനിയത്തില്‍ തീര്‍ത്തതും വുഡന്‍ പാനലിങ് നല്‍കിയിട്ടുള്ളതുമായി ഡാഷ്ബോര്‍ഡ്, ബെന്റ്ലി ലോഗോയുടെ ഡിസൈനിലുള്ള എ.സി വെന്റ്, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോണ്‍, മുഖം മിനുക്കലില്‍ പുതുതായ സീറ്റ്, ഡോര്‍ പാനല്‍, സ്റ്റിയറിങ്ങ് വീല്‍ എന്നിവ മുന്‍നിരയേയും, വെന്റിലേറ്റഡ് സീറ്റും 100 എംഎം വരെ ലെഗ്റൂം പിന്‍നിരയുമാണ് അകത്തളത്തിന്റെ മാറ്റ് കൂട്ടുന്നത്.
4.0 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 542 ബി.എച്ച്.പി. പവറും 770 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്സ്മിഷന്. 4.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ബെന്റെയ്ഗയുടെ ഏറ്റവും കരുത്തുറ്റ മോഡല്‍ W12 എന്‍ജിനിലെത്തിയ പതിപ്പായിരുന്നു. 600 ബി.എച്ച്.പി. പവറും 900 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്ജിന് ഉത്പാദിപ്പിച്ചിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..