പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്ന സമ്മാനം ഏറ്റവും സവിശേഷമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. ഈ സമ്മാനത്തിന് പിന്നില്‍ കഠിനമായ പ്രയത്‌നവും കൂടി ചേരുമ്പോള്‍ വാങ്ങുന്നവര്‍ക്കും ഇത് ഏറെ അപൂര്‍വ്വമായ ഒന്നായിരിക്കും. ഇത്തരത്തില്‍ തന്റെ പ്രിയതമയ്ക്കും കുഞ്ഞിനും സ്വപ്‌നതുല്യമായ സമ്മാനം നല്‍കിയിരിക്കുകയാണ് പ്രവാസി വ്യവസായിയും ബി.സി.സി. കോണ്‍ട്രാക്ടിങ്ങ് സ്ഥാപനത്തിന്റെ മേധാവിയുമായ അംജദ് സിതാര.

ലോകത്തിലെ തന്നെ ആഡംബര വാഹനങ്ങളിലെ അതികായനായ റോള്‍സ് റോയിസ് റെയ്ത്ത് ബ്ലാക്ക് ബാഡ്ജ് എന്ന വാഹനമാണ് അംജദ് തന്റെ ഭാര്യയും ബി.സി.സിയുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറുമായ മര്‍ജാന അംജദിന് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. ഒക്ടോബര്‍ രണ്ടിനായിരുന്നു മര്‍ജാനയുടെ പിറന്നാള്‍. സമ്മാനത്തിന് ഇരട്ടി മധുരമേകി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവര്‍ക്കും ഒരു മകളും ജനിച്ചിരുന്നു. അയ്‌റ മാലിക് അംജദ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 

ബ്രീട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയിസ് പുറത്തിറക്കിയിട്ടുള്ള അത്യാഡംബര വാഹനമായ റെയ്ത്ത് ബ്ലാക്ക് ബാഡ്ജ് മോഡലിന് എട്ട് കോടി രൂപയാണ് വില. ഏകദേശം 29 ലക്ഷം രൂപയാണ് ഈ വാഹനത്തിന് ഇന്‍ഷുറന്‍സ് തുകയായി മാത്രം അടച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഡോര്‍ മോഡലായ ഈ ആഡംബര വാഹനത്തില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. 5285 എം.എം. നീളവും 1947 എം.എം. വീതിയുമാണ് ഇതിനുള്ളത്. 

6592 സി.സി. ശേഷിയുള്ള വി12 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 591 ബി.എച്ച്.പി. പവറും 900 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. കേവലം 4.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

മെഴ്‌സിഡസ് ജി-വാഗണ്‍ ഇ ക്ലാസ്, റേഞ്ച് റോവര്‍, ബെന്റ്‌ലി, ലെക്‌സസ്, ലാന്റ് ക്രൂയിസര്‍, ജീപ്പ്, ഡോഡ്ജ് തുടങ്ങിയ വാഹനങ്ങള്‍ അരങ്ങ് വാഴുന്ന അംജദിന്റെ ഗ്യാരേജിലേക്കാണ് ഇപ്പോള്‍ റോള്‍സ് റോയിസിന്റെ അത്യാഡംബര കൂപ്പെ മോഡലായ ഈ ചുവപ്പന്‍ റെയിത്തും സ്ഥാനം പിടിച്ചിരിക്കുന്നത്.

Content Highlights: Business Man Amjad Sithara Gifted Rolls-Royce Wraith To His Wife