2017 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് ഏറെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട സൂപ്പര്‍ കാര്‍ ഷിറോണിനെ ബുഗാട്ടി ആദ്യമായി അവതരിപ്പിക്കുന്നത്. പഴയ വെയ്‌റോണിന്റെ പകരക്കാരനായെത്തിയ ഷിറോണിന്റെ 500 യൂണിറ്റുകള്‍ മാത്രം ആഗോളതലത്തില്‍ വിറ്റഴിക്കാനാണ് ബുഗാട്ടി ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ആദ്യ 200 യൂണിറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ബുഗാട്ടി അറിയിച്ചു. 

bugatti

ലിമിറ്റഡ് എഡിഷന്‍ ഷിറോണ്‍ സ്‌പോര്‍ട്ട് '100 Ans Bugatti' മോഡലാണ് 200-ാം പതിപ്പായി പുറത്തെത്തുന്നത്. ഈ സൂപ്പര്‍ കാറിന്റെ 20 മോഡലുകള്‍ മാത്രമേ പുറത്തിറങ്ങുകയുള്ളു. ബോഡിക്ക് പുറത്തും അകത്തും വ്യത്യസ്ത ബ്ലൂ കളറിങ്, വിങ് മിററിലെ ഫ്രഞ്ച്  ഫ്ലാഗ്, സ്‌കൈ വ്യൂ ഗ്ലാസ് റൂഫ്, ബ്ലൂ നിറത്തിലുള്ള ബ്രേക്ക് കാലിപേഴ്‌സ് എന്നീ പ്രത്യേകതകളോടെയാണ് 200-ാം ഷിറോണ്‍ എത്തിയത്. നേരത്തെ 2018 ജൂണില്‍ ഷിറോണിന്റെ 100-ാമത്തെ യൂണിറ്റും വലിയ ആഘോഷമായാണ് ബുഗാട്ടി പുറത്തിറക്കിയിരുന്നത്. 

2017ല്‍ ഷിറോണിന്റെ 70 യൂണിറ്റുകള്‍ കമ്പനി നിര്‍മിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 76 എണ്ണമായി ഉയര്‍ന്നു. ഈ വര്‍ഷം എണ്‍പത് യൂണിറ്റിലേറെ നിര്‍മിക്കാനാണ് ബുഗാട്ടി ലക്ഷ്യമിടുന്നത്. ഏകദേശം 10 മാസം സമയമെടുത്താണ് ഒരു ഷിറോണിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. 200 യൂണിറ്റുകള്‍ നിര്‍മിച്ചെങ്കിലും നൂറില്‍ താഴെ യൂണിറ്റുകള്‍ മാത്രമേ നിലവില്‍ ഓര്‍ഡര്‍ ചെയ്യാനായി ലഭ്യമുള്ളു. 2.7 മില്ല്യണ്‍ ഡോളറാണ് (18.5 കോടി രൂപ) ഷിറോണിന്റെ വില. 

bugatti

മണിക്കൂറില്‍ പരമാവധി 420 കിലോമീറ്ററാണ് ഷിറോണിന്റെ വേഗത. രണ്ടര സെക്കന്‍ഡിനകം തന്നെ നൂറുകിലോമീറ്റര്‍ വേഗം കൈവരിക്കാം. 1500 പിഎസ് പവറും 1600 എന്‍എം ടോര്‍ക്കുമേകുന്ന 8.0 ലിറ്റര്‍ W16 എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 2000 തൊട്ട് 6000 ആര്‍.പി.എം. ടോര്‍ക്ക് നല്‍കാനായി നാല് ടര്‍ബോകളാണ് ഇതിലുള്ളത്. എഞ്ചിന്റെ എഴുപതു ശതമാനം കരുത്തും പൂര്‍ണമായും ഉപയോഗിച്ചുകൊണ്ടാണ് ഷിറോണ്‍ കുതിക്കുക. 

Content Highlights; Bugatti chiron achieves production milestone of 200 units