പ്രീമിയം എസ്‌യുവികളില്‍ കേമനായ ജീപ്പ് കോംപസും ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നു. കോംപസിന്റെ പെട്രോള്‍ പതിപ്പിന് കരുത്തേകുന്ന 1.4 ലിറ്റര്‍ എന്‍ജിനാണ് ആദ്യം ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നത്. പുതിയ എന്‍ജിന്‍ നല്‍കിയുള്ള പരീക്ഷണയോട്ടത്തിന്റെ ദൃശ്യം ടീം ബിഎച്ച്പിയാണ് പുറത്തുവിട്ടത്.

മലിനീകരണം നിയന്ത്രിക്കുന്നതിനായി രാജ്യത്തെ വാഹനങ്ങള്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറുകയാണ്. ഇതിന്റെ ഭാഗമായി ജീപ്പ് കോംപസിന്റെ പെട്രോള്‍ എന്‍ജിന്‍ ഉടനെയും ഡീസല്‍ എന്‍ജിന്‍ ഏപ്രില്‍ ഒന്നിന് മുമ്പായി ബിഎസ്-6 നിലവാരത്തിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ട്.

1.4 ലിറ്റര്‍, നാല് സിലിണ്ടര്‍ മള്‍ട്ടിഎയര്‍ എന്‍ജിനാണ് കോംപസിന്റെ പെട്രോള്‍ പതിപ്പില്‍ പ്രവര്‍ത്തിക്കുന്നത്. മുമ്പുണ്ടായിരുന്ന എന്‍ജിന്‍ 163 പിഎസ് പവറാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍, പുതിയ എന്‍ജിന്‍ 170 പിഎസ് കരുത്താണ് ഉത്പാദിപ്പിക്കുന്നത്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് കോംപസ് ഡീസല്‍ പതിപ്പിലുള്ളത്. ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡുകളിലുള്ള കോംപസില്‍ ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡ്യുവല്‍ എന്നീ ട്രാന്‍സ്മിഷനുകള്‍ നല്‍കിയിട്ടുണ്ട്.

ജീപ്പ് കോംപസിന്റെ പെട്രോള്‍ പതിപ്പിന് 14.99 ലക്ഷം രൂപ മുതല്‍ 21.67 ലക്ഷം രൂപ വരെയാണ് ഇപ്പോഴുള്ള വില. ഡീസല്‍ പതിപ്പുകള്‍ക്ക് 15.49 ലക്ഷം മുതല്‍ 23.11 ലക്ഷം രൂപ വരെയും, പെര്‍ഫോമെന്‍സ് പതിപ്പായ ട്രയല്‍ഹോക്കിന് 26.80 ലക്ഷം മുതല്‍ 27.60 ലക്ഷം രൂപ വരെയുമാണ് വില.

Content Highlights: BS6 Jeep Compass Petrol Spotted