ഹീന്ദ്രയുടെ വാഹനങ്ങളെല്ലാം തന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറുന്നതിന്റെ തിരക്കിലാണ്. ഏതാനും മോഡലുകള്‍ ഇതിനോടകം അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. അതേസമയം, മഹീന്ദ്രയുടെ ഏറ്റവും കരുത്തന്‍ മോഡലായ എക്‌സ്‌യുവി 500 വരവിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചു.

കഴിഞ്ഞ ദിവസം മഹീന്ദ്ര പുറത്തുവിട്ട വിവരം അനുസരിച്ച് മുമ്പ് അടിസ്ഥാന വേരിയന്റായിരുന്ന W3 ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ ഇനിയെത്തില്ല. W5, W7, W9, W11(O) എന്നീ നാല് വേരിയന്റുകളിലായിരിക്കും ഇനി എക്‌സ്‌യുനി 500 എത്തുകയെന്നാണ് വിവരം. ഈ നാല് മോഡലുകള്‍ക്കാണ് ഇപ്പോള്‍ ബുക്കിങ്ങ് സ്വീകരിക്കുന്നത്. 5000 രൂപയാണ് ബുക്കിങ്ങ് തുക ഈടാക്കുന്നത്. 

ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതിനുപുറമെ, ഈ എന്‍ജിനില്‍ ഡീസല്‍ പര്‍ട്ടികുലേറ്റ് ഫില്‍ട്ടര്‍, സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷന്‍, ടു വേ ഓക്‌സിഡേഷന്‍ കാറ്റലിസ്റ്റ് എന്ന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിബിള്‍ ജിയോമെട്രി ടര്‍ബോചാര്‍ജര്‍ സംവിധാനത്തിലുള്ള എംഹോക്ക് എന്‍ജിനാണ് പുതിയ മോഡലിലുള്ളത്. 

2.2 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 153 ബിഎച്ച്പി പവറും 360 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ട്രാന്‍സ്മിഷനില്‍ മാറ്റം വരുത്തിയിട്ടില്ല. ആറ് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് പുതിയ മോഡലിലും ട്രാന്‍സ്മിഷന്‍ ഒരുക്കുകയെന്നാണ് സൂചനകള്‍. 

ഈ വരവില്‍ മെക്കാനിക്കലായുള്ള മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിട്ടുള്ളതെന്നാണ് സൂചന. വാഹനത്തിന്റെ ഡിസൈനിലും ഇന്റീരിയറിലും എക്‌സ്റ്റീരിയറിലുമുള്ള ഫീച്ചറും മുന്‍മോഡലിലേത് തുടരുന്നുണ്ട്. അതേസമയം, എക്‌സ്‌യുവി 500-ന്റെ പെട്രോള്‍ മോഡലും ഈ വര്‍ഷം പ്രതീക്ഷിക്കാം. എംസ്റ്റാലിയന്‍ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ നല്‍കുകയെന്നാണ് വിവരം.

Content Highlights: BS6 Engine Mahindra XUV500 Set To Launch; Booking Open