ഹ്യുണ്ടായിയുടെ പ്രീമിയം സെഡാന്‍ വാഹനമായ എലാന്‍ട്രയുടെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ് നിരത്തുകളിലെത്തുന്നതിന് മുന്നോടിയായ ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംനേടിക്കഴിഞ്ഞു. പെട്രോള്‍/ ഡീസല്‍ എന്‍ജിനുകള്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറിയ ഈ വാഹനത്തിന്റെ വില വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം. 

എലാന്‍ട്രയുടെ ഡീസല്‍ എന്‍ജിന്‍ മോഡല്‍ SX MT, SX(O) AT എന്നീ രണ്ട് വേരിയന്റുകളിലും പെട്രോള്‍ എന്‍ജിന്‍ SX MT, SX AT,  SX(O) AT എന്നീ മൂന്ന് വേരിയന്റുകളിലുമാണ് എത്തുന്നത്. ഫെയറി റെഡ്, മറീന ബ്ലൂ, ഫാന്റം ബ്ലാക്ക്, പോളാര്‍ വൈറ്റ്, ടൈഫൂണ്‍ സില്‍വല്‍ എന്നീ അഞ്ച് നിറങ്ങളിലാണ് എലാന്‍ട്ര നിരത്തുകളിലെത്തുന്നത്. 

സൗന്ദര്യത്തിന്റെ കാര്യത്തില്‍ സെഡാന്‍ ശ്രേണിയില്‍ സമാനതകളില്ലാത്ത വാഹനമാണ് എലാന്‍ട്ര. ഫ്‌ളൂയിഡിക്‌ ഡിസൈനില്‍ എലാന്‍ട്ര ഒരുങ്ങിയിരിക്കുന്നത്. ക്രോമിന്റെ സാന്നിധ്യം കുറഞ്ഞതൊഴിച്ചാല്‍ ഗ്രില്ലിന് കാര്യമായ മാറ്റം വരുത്തിയിട്ടില്ല. മുഖഭാവത്തിലെ ഹൈലൈറ്റ് എല്‍.ഇ.ഡി. ക്വാഡ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പാണ്.

Hyundai Elantra

പഴയ എലാന്‍ട്രയെപ്പോലെത്തന്നെ സി. പില്ലര്‍ ഡിക്കിയിലേക്ക് ഒഴുകിയിറങ്ങുകയാണ്. ഡിക്കി കൂടുതല്‍ വിശാലമായി. ട്രങ്ക് ഡോറിലാണ് റിയര്‍വ്യൂ ക്യാമറയുടെ സ്ഥാനം. ട്രങ്ക് ഡോറില്‍ 'എലാന്‍ട്ര' എന്ന് വിശാലമായി ക്രോമില്‍ കുറച്ചിരിക്കുന്നു. ബമ്പറിനുതാഴെ കറുപ്പുകൂടി ചേര്‍ത്തിട്ടുണ്ട്. അവിടെയാണ് നമ്പര്‍ പ്ലേറ്റിന് സ്ഥാനം. 

'കോക്പിറ്റ്' എന്ന് വിളിക്കാവുന്ന ഇന്റീരിയറാണ് എലാന്‍ട്രയുടേത്. ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് അകത്തളം. വിശാലമാണ് സീറ്റുകളും സൗകര്യങ്ങളും. ലെതറാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. ത്രീ സ്‌പോക് സ്റ്റിയറിങ് മള്‍ട്ടി ഫങ്ഷന്‍ വില്‍, സെന്റര്‍ കണ്‍സോളിലെ അലങ്കരിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇന്റീരിയറിനെ സമ്പന്നമാക്കും. 

113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലും, 150 ബിഎച്ച്പി പവറും 192 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് ഈ വാഹനം എലാന്‍ട്ര എത്തുന്നത്. ആറ് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: BS6 Engine Hyundai Elantra Listed On Hyundai Official Website