ന്ത്യയിലെ സബ്‌കോംപാക്ട് ക്രോസ്ഓവര്‍ ശ്രേണിയില്‍ ഹോണ്ടയുടെ പ്രതിനിധിയാണ് ഡബ്ല്യുആര്‍വി. കരുത്തിന്റെയും സ്റ്റൈലിന്റെയും കാര്യത്തില്‍ സമാനതകളിലാത്ത ഈ വാഹനത്തിന്റെ ബിഎസ്-6 പതിപ്പ് നിരത്തുകളിലെത്താനൊരുങ്ങി. പുതിയ എന്‍ജിനൊപ്പം ഡിസൈനിലും പുതുമകള്‍ നിറച്ചാണ് പുതിയ ഡബ്ല്യുആര്‍വി എത്തുന്നത്. ലോക്ക്ഡൗണ്‍ കഴിഞ്ഞാലുടന്‍ എത്തുമെന്നാണ് സൂചന.

എക്സ്റ്റീരിയറിലെ നേരിയ ഡിസൈന്‍ മാറ്റം, ഇന്റീരിയറില്‍ കൂടുതല്‍ സൗകര്യം എന്നിവയാണ് എന്‍ജിന് പുറമെയുള്ള മാറ്റം. എല്‍ഇഡി പൊജക്ഷന്‍ ഹെഡ്‌ലാമ്പ്, അതിനോട് ചേര്‍ന്നുള്ള ഡിആര്‍എല്‍, പൊസിഷന്‍ ലാമ്പ് എന്നിവ ചേര്‍ത്ത് ഒരു എല്‍ഇഡി പാക്കേജാണ് ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, ഗ്രില്ലും അഴിച്ചുപണിതിട്ടുണ്ട്. ടെയില്‍ ലാമ്പിലും എല്‍ഇഡി സ്ഥാനം പിടിച്ചതുമാണ് പുറംമോടിയ്ല്‍ വരുത്തിയ മാറ്റങ്ങള്‍.

മുന്‍തലമുറ ഡബ്ല്യുആര്‍വിയെക്കാള്‍ ഫീച്ചര്‍ സമ്പന്നമായിരിക്കും പുതിയ പതിപ്പിന്റെ അകത്തളമെന്നാണ് സൂചന. സോഫ്റ്റ് ടച്ച് പ്ലാസ്റ്റില്‍ തീര്‍ത്തിട്ടുള്ള ഡാഷ്‌ബോര്‍ഡ്, എഴ് ഇഞ്ച് ഡിജിപാഡ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയായിരിക്കും ഇന്റീരിയറിനെ ആകര്‍ഷകമാക്കുന്നത്. 

ജാസ് പ്ലാറ്റ്‌ഫോമിലാണ് ഡബ്ല്യുആര്‍വിയും ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍, ജാസിനെക്കാള്‍ 44 എംഎം നീളവും 40 എംഎം വീതിയും 57 എംഎം ഉയരവും ഈ വാഹനത്തിന് കൂടുതലുണ്ട്. 360 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി. 2555 എംഎം വീല്‍ ബേസും 16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. എബിഎസ്ഇബിഡി ബ്രേക്കിങ്ങ് സംവിധാനം, ഡ്യുവല്‍ എയര്‍ബാഗ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ വാഹനത്തിന് സുരക്ഷയൊരുക്കും.

ബിഎസ്6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ iVTEC പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ iDTEC ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനത്തിന്റെ രണ്ടാം വരവ്. പെട്രോള്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കും ഡീസല്‍ മോഡല്‍ 99 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവല്‍/6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ WRV പുറത്തിറങ്ങും. പെട്രോള്‍ഡീസല്‍ എഞ്ചിനില്‍ S, VX എന്നീ രണ്ട് വകഭേദങ്ങളുണ്ട്.

Content Highlights: BS6 Engine Honda WR-V Set To Launch After Corona Lock Down