ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നതോടെ ടാറ്റയുടെ കോംപാക്ട് എസ്‌യുവിയായ നെക്‌സോണ്‍ കൂടുതല്‍ കരുത്തനാകുമെന്ന് റിപ്പോര്‍ട്ട്. മുമ്പുണ്ടായിരുന്ന 1.2 ലിറ്റര്‍ എന്‍ജിന്‍ തന്നെയാണ് ബിഎസ്-6 ആകുന്നത്. എന്നാല്‍, ഇത്തവണ 118 ബിഎച്ച്പിയായിരിക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. ബിഎസ്-4 മോഡലില്‍ ഇത് 108 ബിഎച്ച്പി ആയിരുന്നു.
അടുത്തിടെയാണ് നെക്‌സോണ്‍ മുഖം മിനുക്കിയെത്തിയത്. ഇതോടെ രൂപത്തില്‍ കാര്യമായ മറ്റമുണ്ടായെങ്കിലും എന്‍ജിനില്‍ മാറ്റം വരുത്തിയിരുന്നില്ല. 1.5 ഡീസല്‍ എന്‍ജിനും 1.2 പെട്രോള്‍ എന്‍ജിനും ബിഎസ്-4 നിലവാരത്തിലുള്ളതായിരുന്നു. ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നതോടെ ഭൂരിഭാഗം വാഹനങ്ങളുടെയും കരുത്ത് കുറയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് നെക്‌സോണിന് കരുത്തേകുന്നത്. ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതോടെ ഇത് 5000 ആര്‍പിഎമ്മില്‍ 118 ബിഎച്ച്പി പവറും 1750-4000 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ട്രാന്‍സ്മിഷനിലും മാറ്റമില്ല. ആറ് സ്പീഡ് മാനുവല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് തുടരുമെന്നാണ് റിപ്പോര്‍ട്ട്.
നെക്‌സോണിന്റെ പ്രധാന എതിരാളിയായ ഹ്യുണ്ടായി വെന്യുവിലെ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവഖും 171 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മഹീന്ദ്ര എക്‌സ്‌യുവി 300-ലെ പെട്രോള്‍ എന്‍ജിന്‍ 108 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകുന്നുണ്ട്. എന്നാല്‍, ഈ വാഹനവും പുതിയ എന്‍ജിനിലേക്ക് മാറുന്നുണ്ട്.
പെട്രോള്‍ മോഡല്‍ കരുത്തനാകുന്നുണ്ടെങ്കിലും നെക്‌സോണിലെ ഡീസല്‍ എന്‍ജിന്‍ മാറ്റത്തിന് തയാറാകുന്നില്ല. ഇതിലെ 1.5 ലിറ്റര്‍ റെവോടോര്‍ക്ക് എന്‍ജിന്‍ 108 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ വാഹനത്തിലും ആറ് സ്പീഡ് മാനുവലും എഎംടിയുമാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയില്‍ കൂടുതല്‍ സ്റ്റൈലിഷായാണ് നെക്‌സോണിന്റെ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. വലിയ ബമ്പര്‍, പുതിയ ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലൈറ്റും ഡിആര്‍എല്ലും, സ്‌കിഡ് പ്ലേറ്റ്, 16 ഇഞ്ച് അലോയി വീല്‍ തുടങ്ങി നിരവധി പുതുമകളുടെ അകമ്പടിയോടൊണ് നെക്‌സോണ്‍ മോടിപിടിപ്പിച്ചിരിക്കുന്നത്.
Content Highlights: BS-6 Nexon Petrol Got More Powerful Engine