മാരുതിയുടെ എംപിവി മോഡലായ എര്‍ട്ടിഗ പുതിയ ബിഎസ് 6 (ഭാരത് സറ്റേജ് 6) പെട്രോള്‍ എന്‍ജിനില്‍ പുറത്തിറങ്ങി. 7.55 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. മലിനീകരണ നിയന്ത്രണ നിലവാര മാനദണ്ഡമായ ബിഎസ് 6 അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് നിര്‍ബന്ധമാണ്. ഇതിന് മുന്നോടിയായാണ് ബിഎസ് 6 പെട്രോള്‍ എന്‍ജിനില്‍ എര്‍ട്ടിഗയെ മാരുതി പുറത്തിറക്കിയത്. 

നേരത്തെയുള്ള ബിഎസ് 4 എന്‍ജിന്‍ പുറത്തുവിട്ടിരുന്ന മലിനീകരണ തോത് വലിയ അളവില്‍ കുറയ്ക്കാന്‍ ബിഎസ് 6 എന്‍ജിന് സാധിക്കും. എര്‍ട്ടിഗയിലുളള മില്‍ഡ് ഹൈബ്രിഡ് 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ബിഎസ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. 104 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവല്‍/4 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 

ഇതിന് പുറമേ ബിഎസ് 4 നിലവാരത്തിലുള്ള 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനികളില്‍ തുടര്‍ന്നും എര്‍ട്ടിഗ ലഭ്യമാകും. ആള്‍ട്ടോ, സ്വിഫ്റ്റ്, ബലേനോ, വാഗണ്‍ ആര്‍ എന്നിവയ്ക്ക് പിന്നാലെ മാരുതി പുറത്തിറക്കുന്ന അഞ്ചാമത്തെ ബിഎസ് 6 മോഡലാണ് എര്‍ട്ടിഗ. 2020 ഏപ്രില്‍ ഒന്നിന് മുമ്പ് മറ്റ് മോഡലുകളും ബിഎസ് 6 എന്‍ജിനില്‍ വിപണിയിലെത്തും. അടുത്തിടെ എര്‍ട്ടിഗയുടെ പുതിയ സിഎന്‍ജി പതിപ്പും മാരുതി പുറത്തിറക്കിയിരുന്നു.  

Content Highlights; bs 6 maruti ertiga petrol launched in india, new bs 6 ertiga, ertiga bs 6 petrol launched in india