പെട്രോള്‍ മോഡലുകള്‍ക്കൊപ്പം മാരുതിയുടെ സിഎന്‍ജി വാഹനങ്ങളും ബിഎസ്-6 നിലവാരത്തിലേക്ക് മാറുകയാണ്. ഇതിന്റെ ഭാഗമായി മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സെലേറിയോ സിഎന്‍ജിയുടെ ബിഎസ്-6 മോഡല്‍ അവതരിപ്പിച്ചു. VXi, VXi(O) എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന സെലേറിയോ സിഎന്‍ജിക്ക് 5.60 ലക്ഷം രൂപ മുതല്‍ 5.68 രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ഇവയ്ക്ക് പുറമെ, ടാക്‌സിയായി സെലേറിയോ ടൂര്‍ എച്ച്2 സിഎന്‍ജി പതിപ്പും എത്തുന്നുണ്ട്. 

മാരുതിയുടെ മിഷര്‍ ഗ്രീന്‍ മില്ല്യണ്‍ പദ്ധതിയുടെ ഭാഗമായാണ് സെലേറിയോയുടെ സിഎന്‍ജി പതിപ്പ് എത്തിച്ചിരിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ കീഴിയില്‍ വരും വര്‍ഷങ്ങളില്‍ 10 ലക്ഷം പ്രകൃതി സൗഹാര്‍ദ വാഹനങ്ങള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ ലക്ഷ്യം. സെലേറിയോയുടെ അഞ്ച് ലക്ഷം യൂണിറ്റ് ഇതിനോടകം നിരത്തുകളിലെത്തിയിട്ടുണ്ട്. ബിഎസ്-6 എന്‍ജിനിലെത്തിയ സെലേറിയ സിഎന്‍ജി വില്‍പ്പനയ്ക്ക് വീണ്ടും കുതിപ്പേകുമെന്ന് മാരുതി അഭിപ്രായപ്പെട്ടു.

ലുക്കില്‍ മാരുതി സെലേറിയോയുടെ റെഗുലര്‍ മോഡലില്‍ മാറ്റം വരുത്താതെയാണ് സിഎന്‍ജി പതിപ്പും എത്തിയിരിക്കുന്നത്. ക്രോമിയം ഫിനീഷിങ്ങിലുള്ള ഹണികോമ്പ് ഗ്രില്ല്, വലിയ എയര്‍ഡാം, ഉള്‍വലിഞ്ഞു നില്‍ക്കുന്ന ഫോഗ് ലാമ്പ്, വലിയ ബമ്പര്‍ എന്നിവയാണ് സെലേറിയോയുടെ മുന്‍വശം അലങ്കരിക്കുന്നത്. ബോഡി കളര്‍ റിയര്‍വ്യൂ മിറര്‍, ഫുള്‍ വീല്‍ കവര്‍, സിഎന്‍ജി ബാഡ്ജിങ്ങ് തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നുണ്ട്.

റെഗുലര്‍ സെലേറിയോയില്‍ കരുത്തേകുന്ന ഡ്യുവല്‍ ഇന്റര്‍ഡിപ്പെന്‍ഡന്റ് ഇലക്ട്രാണിക് കണ്‍ട്രോള്‍ യൂണിറ്റ് ഇഞ്ചക്ഷന്‍ സിസ്റ്റമുള്ള 1.0 ലിറ്റര്‍ എന്‍ജിനാണ് ഇതിലുമുള്ളത്.  ഇത് 66 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. ഓട്ടോമാറ്റിക്-മാനുവല്‍ മോഡലുകള്‍ക്ക് 21.63 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് മാരുതി ഉറപ്പുനല്‍കുന്നത്.

Content Highlights: BS-6 Engine Maruti Celerio CNG Launched; Price Begins From 5.60 Lakhs