ഹീന്ദ്രയുടെ കുഞ്ഞന്‍ എസ്‌യുവിയായ കെയുവി100 NXT-യുടെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ് അവതരിപ്പിച്ചു. നാല് വേരിയന്റുകളില്‍ എത്തുന്ന പുതിയ പതിപ്പിന് 5.54 ലക്ഷം രൂപ മുതല്‍ 7.15 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. വേരിയന്റിന്റെ അടിസ്ഥാനത്തില്‍ 65,000 രൂപ വരെയാണ് വില ഉയര്‍ന്നിരിക്കുന്നത്. മുമ്പ് അടിസ്ഥാന വേരിയന്റ് ആയിരുന്ന K2 ഈ നിരയില്‍ നിന്ന് നീക്കി.

ബിഎസ്-6 നിലവാരത്തിലുള്ള മഹീന്ദ്രയുടെ എംഫാല്‍കണ്‍ ജി80 പെട്രോള്‍ എന്‍ജിനിലാണ് ഈ വാഹനം എത്തിയിരിക്കുന്നത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമാണ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. കെയുവി 100-ന്റെ ഇലക്ട്രിക് മോഡലായ eKUV100 തുടര്‍ന്നും നിരത്തുകളിലെത്തുമെന്നാണ് വിവരം.

ഡിസൈനില്‍ അഴിച്ചുപണി വരുത്താതെയാണ് കെയുവിയുടെ വരവ്. XUV 500ല്‍ നിന്ന് പ്രചോദനം ഉള്‍ക്കെണ്ട ഗ്രില്‍, മുന്നിലും പിന്നിലും അലൂമിനിയം നിര്‍മിത സ്‌കിഡ് പ്ലേറ്റ്, ബോഡിക്ക് ചുറ്റും നീളുന്ന പ്ലാസ്റ്റിക്ക് ക്ലാഡിങ്ങ്, ഇന്റഗ്രേറ്റഡ് റൂഫ് റെയില്‍, ടെയില്‍ ഗേറ്റ് സ്‌പോയിലര്‍, 15 ഇഞ്ച് മെഷീന്‍ കട്ട് അലോയി വീല്‍ എന്നിവ ഉള്‍പ്പെട്ടതാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍.

ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റമാണ് അകത്തളത്തെ ആകര്‍ഷണം. ഉയര്‍ന്ന വേരിയന്റില്‍ മാത്രമേ ടച്ച് സ്‌ക്രീന്‍ സിസ്റ്റം നല്‍കിയിട്ടുള്ളൂ. ബേസ് വേരിയന്റ് ഉള്‍വശം ഗ്രേ കളറിലും ടോപ് വേരിയന്റ് ആള്‍ ബ്ലാക്ക് കളറിലുമാണ് അണിയിച്ചൊരുക്കിയത്. അഞ്ച് സീറ്റര്‍, ആറ് സീറ്റര്‍ വേരിയന്റുകളിലാണ് ഈ വാഹനം നിരത്തുകളിലെത്തുന്നത്.

Content Highlights: BS-6 Engine Mahindra KUV100 NXT Launched In India