ന്ത്യയിലെ വാഹന നിരയെ ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റുന്നതിന്റെയും മുഖം മിനുക്കലിന്റെയും തിരക്കിലാണ് ഹോണ്ട കാര്‍സ്. അഞ്ചാംതലമുറ ഹോണ്ട സിറ്റി, മുഖം മിനുക്കിയെത്തുന്ന ഡബ്ല്യുആര്‍-വി എന്നിവയ്ക്ക് പുറമെ, ഹോണ്ടയുടെ പ്രീമിയം സെഡാന്‍ മോഡലായ ജാസിന്റെ മുഖം മിനുക്കിയ പതിപ്പും നിരത്തുകളിലെത്താനൊരുങ്ങുകയാണ്.

കാത്തിരുന്നോളൂ, വൈകാതെയെത്താം എന്ന് ഉറപ്പുനല്‍കിയാണ് ഹോണ്ട ജാസിന്റെ വരവറിയിക്കുന്ന ടീസര്‍ നിര്‍മാതാക്കള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ കഴിഞ്ഞാലുടന്‍ ഈ വാഹനം ഷോറൂമുകളില്‍ എത്തിത്തുടങ്ങുമെന്നാണ് സൂചന.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ടീസര്‍ ചിത്രമനുസരിച്ച് പുതിയ മുഖഭാവമാണ് ഈ വാഹനത്തിനുള്ളത്. ആഗോള നിരത്തുകളിലുള്ള ജാസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണുള്ള ഡിസൈനാണ് മുന്‍വശത്ത് നല്‍കിയിട്ടുള്ളത്. ക്രോമിയം സ്ട്രിപ്പുകളും ഗ്ലോസി ബാക്ക് ബാറും ഉള്‍പ്പെടുന്നതാണ് പുതിയ ഡിസൈനിലുള്ള ഗ്രില്ല്.

മസ്‌കുലര്‍ ഭാവമുള്ള പുതിയ ബംമ്പര്‍, ഡിആര്‍എല്‍ നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ബംമ്പറിന്റെ താഴെയായി ഉള്‍വലിഞ്ഞിരിക്കുന്ന ഫോഗ്‌ലാമ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖഭാവത്തില്‍ വരുത്തിയിട്ടുള്ള മറ്റ് പുതുമകള്‍. എന്നാല്‍, അലോയി വീല്‍ ഉള്‍പ്പെടെ എക്സ്റ്റീരിയര്‍ മുന്‍മോഡലിനോട് സമാനമാണ്.

ഇന്റീരിയര്‍ സംബന്ധിച്ച സൂചനകള്‍ ഹോണ്ട നല്‍കിയിട്ടില്ല. അതേസമയം, നാവിഗേഷന്‍, ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതില്‍ സ്ഥാനം പിടിച്ചേക്കും. സീറ്റുകള്‍ മുന്‍ മോഡലിലേത് പോലെ ഫാബ്രിക് ഫിനീഷിലുള്ളത് തുടരുമെന്നാണ് വിലയിരുത്തലുകള്‍.

ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്ന 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളായിരിക്കും പുതിയ ജാസിലും പ്രവര്‍ത്തിക്കുന്നത്. ബിഎസ്-4 മോഡലില്‍ പെട്രോള്‍ എന്‍ജിന്‍ 90 ബിഎച്ച്പി പവറും ഡീസല്‍ എന്‍ജിന്‍ 100 ബിഎച്ച്പി പവറുമാണ് ഉത്പാദിപ്പിച്ചിരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ആയിരിക്കും ഗിയര്‍ബോക്‌സ്.

Content Highlights: BS-6 Engine Honda Jazz Ready To Launch; Teaser Released