2030-ഓടെ ബ്രിട്ടണില്‍ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായാണ് പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഹൈബ്രിഡ് വാഹനങ്ങള്‍ തുടര്‍ന്നും അനുവദിക്കും. 

രാജ്യത്തെ ഹരിത വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി 2040-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, പിന്നീട് ഇത് 2035-ലേക്ക് മാറ്റിയിരുന്നു. ഏറ്റവുമൊടുവിലെ പ്രഖ്യാപനം അനുസരിച്ച് 2030-ല്‍ തന്നെ പരമ്പരാഗത ഇന്ധനങ്ങള്‍ കരുത്തേകുന്ന കാര്‍, വാന്‍ തുടങ്ങിയ വാഹനങ്ങള്‍ നിരോധിക്കുമെന്നാണ് വിവരം. 

പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വില്‍പ്പന അവസാനിക്കുന്നതോടെ ബ്രിട്ടണിലെ വാഹന വ്യവസായ മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് രാജ്യം വിലയിരുത്തുന്നത്. ഈ തീരുമാനത്തോടെ ലോകത്തില്‍ തന്നെ ആദ്യമായി പെട്രോള്‍-ഡീസല്‍ കാറുകളുടെ നിരോധനത്തിന് സമയം കുറിച്ചിട്ടുള്ള ഏക രാജ്യമായി ബ്രിട്ടണ്‍ മാറിയിരിക്കുകയാണ്. 

അതേസമയം, പരമ്പരാഗത ഇന്ധനങ്ങള്‍ക്കൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുക്കിയിട്ടുള്ള വാഹനങ്ങള്‍ക്ക് ഈ പ്രഖ്യാപിച്ചിട്ടുള്ള നിരോധനം ബാധകമാകില്ല. ഇത്തരം വാഹനങ്ങളുടെ വില്‍പ്പന 2035 വരെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ പല ലോകരാജ്യങ്ങളും തയാറെടുക്കുന്നുണ്ട്.

ബ്രിട്ടണിലെ വാഹനമേഖല പുറത്തുവിട്ട കണക്ക് അനുസരിച്ച് ഈ വര്‍ഷം ഇതുവരെ വിറ്റതില്‍ 73.6 ശതമാനം വാഹനങ്ങളും പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവയാണ്. കേവലം 5.5 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന. ശേഷിക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളാണെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Content Highlights: Boris Johnson Announces Ban on Petrol and Diesel Cars in UK from 2030