ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വാറിന്റെ എസ്.യു.വി. മോഡലായ എഫ്-പേസിന്റെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യയിലും എത്തുന്നു. മെയ് മാസത്തോടെ അവതരണത്തിന് ഒരുങ്ങുന്ന ഈ വാഹനത്തിന്റെ ബുക്കിംങ്ങ് ആരംഭിച്ചതായി ജാഗ്വാര്‍ അറിയിച്ചു. പുറം മോടിയിലും അകത്തളത്തിലും വരുത്തിയ ആകര്‍ഷകമായ മാറ്റത്തിനൊപ്പം ആധുനിക കണക്ടിവിറ്റി സംവിധാനത്തിലുമാണ് 2021 എഫ്-പേസ് വിപണിയില്‍ എത്തുന്നത്. 

എക്സ്റ്റീരിയര്‍ ഡിസൈനില്‍ മുന്‍ മോഡലില്‍ നിന്ന് ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയാണ് പുതിയ പതിപ്പ് എത്തിയിട്ടുള്ളത്. ക്രോമിയം ലൈന്‍ ബോഡര്‍ ഒരുക്കുന്ന ജാഗ്വാര്‍ സിഗ്നേച്ചര്‍ ഗ്രില്ല്, അഡാപ്റ്റീവ് എല്‍.ഇ.ഡി ഹെഡ്‌ലൈറ്റുകള്‍, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, സില്‍വല്‍ ആക്‌സെന്റില്‍ മോടിപിടിപ്പിക്കുന്ന വലിയ ബമ്പര്‍, പ്രൊജക്ഷന്‍ ഫോഗ്‌ലാമ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖം അലങ്കരിക്കുന്നത്. ഗ്രില്ലില്‍ ഡൈനാമിക എസ് ബാഡ്ജിങ്ങും നല്‍കുന്നുണ്ട്.

ആഡംബരം വീണ്ടും ഉയര്‍ത്തിയിട്ടുള്ള അകത്തളമാണ് പുതിയ എഫ്-പേസില്‍ നല്‍കിയിട്ടുള്ളത്. ഇത്തവണ എത്തിക്കുന്ന എഫ്-പേസ് ആര്‍-ഡൈനാമിക്-എസ് വേരിയന്റില്‍ കണക്ട്ഡ് കാര്‍ സംവിധാനങ്ങളുള്ള 11.4 ഇഞ്ച് പിവി-പ്രോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് നല്‍കിയിട്ടുള്ളത്. 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇതില്‍ നല്‍കിയിട്ടുണ്ട്. ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ സീറ്റുകള്‍ എന്നിവ ഈ വാഹനത്തിന്റെ ഹൈലൈറ്റാണ്. 

2021 എഫ്-പേസില്‍ ഡീസല്‍ എന്‍ജിന്‍ വീണ്ടും തിരിച്ചെത്തുന്നുണ്ട്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് ഈ വാഹനം എത്തുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്തും മറ്റ് ഫീച്ചറുകളും അവതരണ വേളയിലായിരിക്കും വെളിപ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍-ഡൈനാമിക്-എസ് പതിപ്പും ഡീസല്‍, പെട്രോള്‍ എന്‍ജിനിലെത്തും.

2021-മോഡല്‍ എഫ്-പേസിന്റെ വിലയും അവതരണ വേളയിലായിരിക്കും വെളിപ്പെടുത്തുകയെന്നാണ് വിവരം. നിരത്തൊഴിഞ്ഞ മുന്‍തലമുറ മോഡലുകള്‍ക്ക് 66 ലക്ഷം രൂപയിലാണ് വില ആരംഭിച്ചിരുന്നത്. പുതിയ പതിപ്പിന് ഇതിനെക്കാള്‍ വില ഉയര്‍ന്നേക്കുമെന്നാണ് സൂചന. ആഡംബര വാഹനങ്ങളായ മെഴ്‌സിഡീസ് ബെന്‍സ് ജി.എല്‍.ഇ, ബി.എം.ഡബ്ല്യു എക്‌സ്5 എന്നീ വാഹനങ്ങളായിരിക്കും ജാഗ്വാര്‍ എഫ്-പേസിന്റെ ഇന്ത്യയിലെ എതിരാളികള്‍.

Content Highlights: Booking Opened For New Jaguar F-Pace More Assertive, Luxurious And Connected