കങ്കണ റണൗട്ട് പുതിയ വാഹനവുമായി | Photo: Social Media
മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഡംബര സെഡാന്‍ വാഹനമായ മെയ്ബ എസ് 680 ഗ്യാരേജിലെത്തിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. മേബാക്കിന്റെ എസ് 580 പതിപ്പ് ഷാഹിദ് കപൂര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ബോളിവുഡ് താരം മെയ്ബ എസ് 680 വാഹനം സ്വന്തമാക്കുന്നത്. ആഡംബരത്തിന്റെ അവസാന വാക്കായ ഈ വാഹനത്തിന് 3.20 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
കഴിഞ്ഞ മാര്‍ച്ചിലാണ് മെഴ്‌സിഡീസ് ബെന്‍സ് എസ് ക്ലാസിന്റെ രണ്ട് മെയ്ബ പതിപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. എസ്580, എസ് 680 എന്നിങ്ങനെയാണിവ. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്താണ് ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്. മെയ്ബയുടെ വരവ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യക്കായി അനുവദിച്ചിട്ടുള്ള മോഡലുകള്‍ വിറ്റുത്തീര്‍ന്നതായും അവതരണ വേളയില്‍ മെഴ്‌സിഡീസ് അധികൃതര്‍ അറിയിച്ചിരുന്നു.
മെയ്ബ സിഗ്നേച്ചര്‍ സ്‌റ്റൈലില്‍ ഒരുങ്ങിയിട്ടുള്ള ക്രോമിയം ഗ്രില്ലാണ് ഈ വാഹനങ്ങളുടെ മുഖഭാവത്തിന്റെ പ്രധാന ആകര്‍ഷണം. എല്‍.ഇ.ഡി. ഹെഡ്ലാംപും ഡി.ആര്‍.എല്ലും അകമ്പടിയുണ്ട്. ക്രോമിയം ആവരണം നല്‍കിയിട്ടുള്ള എയര്‍ ഇന്‍ടേക്കുകളുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറും ആഡംബരത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്. 21 ഇഞ്ച് വലിപ്പമുള്ള മള്‍ട്ടി സ്‌പോക്ക് അലോയി വീലുകളാണ് വശങ്ങളില്‍ മെയ്ബ ഭാവം നല്‍കുന്നത്. എല്‍.ഇ.ഡി. ടെയില്‍ലാംപ്, ടെയില്‍ ഗേറ്റിലെ ക്രോമിയം സ്ട്രിപ്പുകള്‍, ഡിഫ്യൂസര്‍, വലിയ ബമ്പര്‍ എന്നിവയാണ് പിന്‍വശത്തെ സൗന്ദര്യവത്കരിക്കുന്നത്.
ലോങ്ങ് വീല്‍ബേസ് പതിപ്പായാണ് എസ്680 മേബാക്ക് ഒരുങ്ങിയിരിക്കുന്നത്. അത്യാഡംബര സംവിധാനങ്ങളുമായാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. സണ്‍റൂഫ്, ലൈറ്റുകള്‍, ഡോര്‍ തുടങ്ങിയവയെല്ലാം കൈകളുടെ ആക്ഷനിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കൊപ്പം 30 സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റവും ഇതിലുണ്ട്. ഇന്റിവിജ്വല്‍ ക്ലൈമറ്റ് സോണ്‍, വെന്റിലേറ്റഡ്, മാസാജിങ്ങ് സീറ്റുകള്‍, റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ തുടങ്ങിയവയും ആഡംബര ഭാവം ഉയര്‍ത്തും.
6.0 ലിറ്റര്‍ വി12 പെട്രോള്‍ എന്‍ജിനാണ് മെയ്ബ എസ് 680-യുടെ ഹൃദയം. ഇത് 603 ബി.എച്ച്.പി. പവറും 900 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിട്ടുള്ളത്. സ്റ്റിയറിങ് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് വിത്ത് ക്രോസ് ട്രാഫിക് ഫങ്ഷന്‍ തുടങ്ങിയവ നല്‍കിയിട്ടുള്ള ലെവല്‍ ടു ഓട്ടോണമസ് സംവിധാനമാണ് ഈ വാഹനത്തിലെ സുരക്ഷ സംവിധാനം കാര്യക്ഷമമാക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..