സോനു സൂദ് ബി.എം.ഡബ്ല്യു 7 സീരീസുമായി | Photo: Instagram/Sonu Sood
വെള്ളിത്തിരയിലേതിനെക്കാള് റിയല്‍ലൈഫില്‍ സൂപ്പര്‍ ഹീറോ പരിവേഷമുള്ള വ്യക്തിയാണ് ബോളിവുഡ് നടനായ സോനു സൂദ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് അദ്ദേഹം നല്കുന്ന സംഭാവനകളും കോവിഡ് കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പൊതുസമൂഹത്തിന്റെ കൈയടി നേടിയിട്ടുള്ളവയാണ്. മകനായി മൂന്ന് കോടിയുടെ മെയ്ബ വാങ്ങിയെന്ന അടിസ്ഥാന രഹിതമായി വിവരം വരികയും അദ്ദേഹം അത് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ മറ്റൊരു ആഡംബര വാഹനം അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുകയാണ്.
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ അത്യാഡംബര സെഡാന് മോഡലായ സെവന് സീരീസാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ 740 എല്‍.എം. എം സ്പോര്‍ട്സ് എഡിഷന് പതിപ്പാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 1.50 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. സോനു സൂദിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ശക്തി സാഗര്‍ പ്രൊഡക്ഷന്‍സിന്റെ പേരില്‍ ഒക്ടോബര്‍ മാസത്തിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബി.എം.ഡബ്ല്യുവിന്റെ സെഡാന് നിരയിലെ ഫ്ളാഗ്ഷിപ്പ് മോഡലാണ് സെവന് സീരീസ്. 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഇന്‍ലൈന്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 333 ബി.എച്ച്.പി. പവറും 450 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. കേവലം 5.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിന് സാധിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.
സോനു സൂദിന്റെ ഗ്യാരേജില്‍ എത്തുന്ന ആദ്യ ബി.എം.ഡബ്ല്യു വാഹനമാണിതെന്നാണ് സൂചന. അതേസമയം, ആഡംബര വാഹനങ്ങളുടെ മികച്ച ശേഖരവും അദ്ദേഹത്തിന് സ്വന്തമായുണ്ട്. സോനു സൂദ് ആദ്യമായി സ്വന്തമാക്കിയ മാരുതി സുസുക്കി സെന്‍, അദ്ദേഹത്തിന്റെ പിതാവ് ഉപയോഗിച്ചിരുന്ന ബജാജ് ചേതക് സ്കൂട്ടര്‍ എന്നിവ അദ്ദേഹത്തിന്റെ ഗ്യാരേജിലെ ആകര്‍ഷകങ്ങളാണ്. പോര്‍ഷെ പനമേര, ഔഡി ക്യൂ 7, മെഴ്സ്സിഡീസ് ബെന്‍സ് എം.എല്‍. ക്ലാസ് എന്നീ ആഡംബര വാഹനങ്ങളും സോനും സൂദിന്റെ ഗ്യാരേജില്‍ ഉണ്ട്.
Content Highlights: Bollywood actor Sonu Sood buys bmw 7 series luxury sedan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..