ബി.എ.ഡബ്ല്യു X7 ഡാർക്ക് ഷാഡോ | Photo: Facebook|BMW India
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ X7-ന്റെ സ്പെഷ്യല്‍ എഡിഷന് പതിപ്പ് അവതരിപ്പിച്ചു. X7 ഡാര്‍ക്ക് ഷാഡോ എന്ന് പേരിട്ടിരിക്കുന്ന ഈ സ്പെഷ്യല്‍ എഡിഷന് മോഡലിന് 2.02 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. X7-ന്റെ ആദ്യ സ്പെഷ്യല്‍ എഡിഷന് മോഡല്‍ എന്ന പ്രത്യേകതയും ഈ വാഹനത്തിനുണ്ട്.
ലോകത്തുടനീളമുള്ള ബി.എം.ഡബ്ല്യുവിന്റെ വിപണികള്‍ക്കായി X7 ഡാര്‍ക്ക് ഷാഡോ എഡിഷന്റെ 500 യൂണിറ്റ് മാത്രമാണ് ബി.എം.ഡബ്ല്യു പുറത്തിറക്കുന്നത്. ഇതില്‍ എത്ര യൂണിറ്റാണ് ഇന്ത്യക്ക് ലഭിക്കുകയെന്ന സൂചനകള്‍ ലഭിച്ചിട്ടില്ല. സൗത്ത് കാലിഫോര്‍ണയിലെ ബി.എം.ഡബ്ല്യുവിന്റെ പ്ലാന്റിലാണ് X7 എസ്.യു.വിയുടെ ഡാര്‍ക്ക് ഷാഡോ എഡിഷന് നിര്‍മ്മിച്ചതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.
ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള പെയിന്റ് സ്കീമാണ് ഡാര്‍ക്ക് ഷാഡോ എഡിഷന്റെ ഹൈലൈറ്റ്. ഫ്രോസെണ് ആര്‍ട്ടിക് ഗ്രേ മെറ്റാലിക് എന്നാണ് ബി.എം.ഡബ്ല്യു. ഈ നിറത്തിനെ വിശേഷിപ്പിക്കുന്നത്. X7 ഡാര്‍ക്ക് ഷാഡോ എഡിഷനിലാണ് ഈ പെയിന്റ് സ്കീം ആദ്യമായി ഉപയോഗിക്കുന്നത്. എന്നാല്‍, വൈകാതെ X6, X5 തുടങ്ങിയ മോഡലുകളിലും ഓപ്ഷണല്‍ പാക്കേജായി ഈ നിറം നല്‍കിയേക്കും.
കറുപ്പില്‍ മുങ്ങി കുളിച്ച് എത്തിയതൊഴിച്ചാല്‍ ഡിസൈനില്‍ കാര്യമായി മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നാണ് വിവരം. ബി.എം.ഡബ്ല്യു സിഗ്നേച്ചര്‍ കിഡ്നി ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഡി.ആര്.എല്‍, മസ്കുലര്‍ ഭാവമുള്ള ബമ്പര്‍ എന്നിവയാണ് മുഖഭാവത്തിലുള്ളത്. ലൈറ്റുകള്‍ ഒഴിച്ച് ബാക്കി എല്ലാ ഭാഗങ്ങളിലും കറുപ്പ് നിറം നല്കിയിട്ടുള്ളതാണ് മുന്‍വശത്തെ സ്റ്റൈലിഷാക്കിയിരിക്കുന്നത്.
6-7 സീറ്റിങ്ങ് ഓപ്ഷനുകളില്‍ ഡാര്‍ക്ക് ഷാഡോ എഡിഷന് എത്തുന്നുണ്ട്. കറുപ്പാണ് അകത്തളത്തിന്റെയും ഭാവം. മെമ്മറി ഫങ്ഷനൊപ്പം ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന സീറ്റുകളാണ് മൂന്ന് നിരയിലും നല്‍കിയിട്ടുള്ളത്. ഡാഷ്ബോര്‍ഡും മറ്റും ലെതറിലാണ് തീര്‍ത്തിരിക്കുന്നത്. ഫീച്ചറുകളും മറ്റും X7 -ന്റെ റെഗുലര്‍ മോഡലില്‍ നല്കിയിട്ടുള്ളതാണ് ഇതിലുമുള്ളത്.
X7 ഉയര്‍ന്ന വകഭേദമായ M50d-യാണ് ഡാര്‍ക്ക് ഷാഡോ എഡിഷനാകുന്നത്. 3.0 ലിറ്റര്‍, ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 400 ബി.എച്ച്.പി. പവറും 760 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് സ്റ്റെപ്പ് ട്രോണിക് സ്പോര്‍ട്ട് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്. വെറും 5.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും.
Content Highlights: BMW X7 Shadow Edition Launched In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..