-
ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ X6 എസ്‌യുവിയുടെ മുന്നാം തലമുറ മോഡല്‍ ജൂണ്‍ 11-ന് അവതരിപ്പിക്കും. കൂപ്പെ എസ്‌യുവിയായെത്തുന്ന ഈ വാഹനത്തിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടു. എക്‌സ്‌ലൈന്‍, എംസ്‌പോട്ട് എന്നീ രണ്ട് വേരിയന്റുകളുള്ള X6-ന്റെ പുതുതലമുറ മോഡല്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്താണ് ഇന്ത്യന്‍ നിരത്തുകളിലെത്തിക്കുന്നത്.
മുന്‍ മോഡലിനെക്കാള്‍ ബോള്‍ഡ് ഡിസൈനാണ് പുതിയ X6-ല്‍ നല്‍കിയിട്ടുള്ളത്. ഇല്ലുമിനേഷന്‍ ലൈറ്റുകളുള്ള സിഗ്നേച്ചര്‍ ഗ്രില്ല്, ട്വിന്‍ പോഡ് എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഓപ്ഷണലായി നല്‍കുന്ന അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ഫോഗ്‌ലാമ്പ്, എയര്‍ ഇന്‍ടേക്കുകളുള്ള മസ്‌കുലര്‍ ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് ഈ എസ്‌യുവിയുടെ മുന്‍വശത്ത് മാറ്റമൊരുക്കുന്നത്.
പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫാണ് X6-ന്റെ ഈ വരവിന് പ്രധാന പുതുമ. ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്ത ടെയ്ല്‍ഗേറ്റ്, ഷാര്‍പ്പ് ഷോള്‍ജര്‍ ക്രീസ്, എല്‍-ഷേപ്പിലുള്ള ടെയ്ല്‍ ലൈറ്റ്, സ്‌പോട്ടി എക്‌സ്‌ഹോസ്റ്റ് എന്നിവ പിന്‍ഭാഗത്തെ ആകര്‍ഷകമാക്കും. അതേസമയം, എം സ്‌പോട്ട് വേരിയന്റിനെ ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഗ്രില്ലും കറുപ്പണിഞ്ഞ അലോയി വീലും വ്യത്യസ്തമാക്കും.
വെര്‍ണാസ്‌ക ലെതറില്‍ പൊതിഞ്ഞ ഡാഷ്‌ബോര്‍ഡായിരിക്കും അകത്തളത്തിന് ആഡംബര ഭാവം നല്‍കുന്നത്. 12.3 ഇഞ്ച് ഡിസ്‌പ്ലേ, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, മസാജ് സംവിധാനമുള്ള മള്‍ട്ടി ഫങ്ഷന്‍ സീറ്റുകള്‍, ഗ്ലാസില്‍ തീര്‍ത്തിരിക്കുന്ന ഗിയര്‍ലിവര്‍, 20 സ്പീക്കറുകളുള്ള ത്രിഡി സൗണ്ട് സിസ്റ്റം, ആംബിയന്റ് എയര്‍ പാക്കേജ് തുടങ്ങിയ ഫീച്ചറുകള്‍ ഇന്റീരിയറില്‍ ഇടംപിടിക്കും.
ആഗോള നിരത്തുകളില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്നുണ്ടെങ്കിലും ഇന്ത്യയില്‍ X6 കൂപ്പെ എസ്‌യുവിയുടെ പെട്രോള്‍ മോഡല്‍ മാത്രമായിരിക്കും എത്തുക. 335 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. എട്ട് സ്പീഡ് സ്റ്റെപ്പ്‌ട്രോണിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: BMW X6 Coupe SUV India Launch On June 11
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..