പ്രതീകാത്മക ചിത്രം | Photo: BMW USA
ലോകത്താകമാനമുള്ള വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിന്റെ ചുവടുപറ്റി പുതിയ പ്രഖ്യാപനം പുറത്തിറക്കിയിരിക്കുകയാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. 2030-ഓടെ ബി.എം.ഡബ്ല്യുവിന്റെ പകുതി വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറ്റാന്‍ സാധിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. പ്രധാന എതിരാളികളുടെ ഇലക്ട്രിക് വാഹനങ്ങളുടെ പ്രഖ്യാപനത്തിന് പിന്നാലെ ബി.എം.ഡബ്ല്യുവും മാറ്റത്തിനൊരുങ്ങുന്നത്.
ബി.എം.ഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനി 2030-ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം, ബി.എം.ഡബ്ല്യുവിന്റെ 50 ശതമാനം വാഹനങ്ങള്‍ 2030-ഓടെ വൈദ്യുത കരുത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. നിലവില്‍ വിപണിയിലുള്ള വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പുകള്‍ 2023-ഓടെ ഒരുക്കാനാണ് കമ്പനി ഉദ്യേശിക്കുന്നത്. ബി.എം.ഡബ്ല്യു. പ്രഖ്യാപിച്ചിട്ടുള്ള i4 ഇലക്ട്രിക്കിന്റെ വരവ് നേരത്തെ ആക്കാനുള്ള നീക്കവും പുരോഗമിക്കുകയാണ്.
നിലവില്‍ നിരത്തുകളില്‍ എത്തുന്ന പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുമോയെന്ന ചോദ്യത്തിന് ഇത്തരം വാഹനങ്ങള്‍ നീക്കുന്നത് സംബന്ധിച്ച തീരുമാനം സ്വീകരിക്കുന്നത് നിര്‍മാതാക്കള്‍ അല്ലെന്നും മറിച്ച് വിപണിയാണെന്നും ബി.എം.ഡബ്ല്യു വക്താവ് അഭിപ്രായപ്പെട്ടു. ബി.എം.ഡബ്ല്യുവിന്റെ ഇലക്ട്രോമൊബിലിറ്റി പദ്ധതിയുടെ നടപടികള്‍ അതിവേഗത്തിലാണ് പുരോഗമിക്കുന്നതെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ആഗോള വാഹന നിര്‍മാതാക്കളില്‍ ഭൂരിഭാഗം കമ്പനികളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തി കഴിഞ്ഞു. യുറോപ്യന്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങളുടെ 70 ശതമാനവും 2030-ഓടെ ഇലക്ട്രിക്ക് കരുത്തിലേക്ക് മാറുമെന്നാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ തന്നെയായ ഫോക്സ്വാഗണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി യുറോപ്പില്‍ അര ഡസനോളം ബാറ്ററി സെല്‍ പ്ലാറ്റുകളും ഒരുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
ഇലക്ട്രിക് വാഹനങ്ങളിലെ അതികായരായ ടെസ്ലയുടെ മാനദണ്ഡങ്ങള്‍ പിന്തുടര്ന്ന് യുറോപ്പ്, ചൈന എന്നിവിടങ്ങളില്‍ കാര്‍ബണ്‍ എമിഷന്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളിലെ മറ്റ് വാഹന നിര്‍മാതാക്കളും അതിവേഗം ഇലക്ട്രിക്കിലേക്ക് മാറാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. വോള്‍വോ, ജഗ്വാര്‍ ലാന്‍ഡ് റോവര്‍ തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ വരും വര്‍ഷങ്ങളില്‍ പൂര്‍ണമായും ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുന്നത് പ്രഖ്യാപിച്ചിട്ടുണ്ട്.
Source; NDTV Car and Bike
Content Highlights; BMW Planning To Shift 50 Percentage Of Its Vehicle To Electric By 2030
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..