ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ പെര്‍ഫോമെന്‍സ് സെഡാന്‍ മോഡലായ എം5 കോംപറ്റീഷന്റെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഈ വാഹനത്തിന് 1.62 കോടി രൂപയാണ് എക്‌സ്‌ഷോറും വില. അവതരണത്തിന് പിന്നാലെ തന്നെ ഈ വാഹനത്തിന്റെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. ബി.എം.ഡബ്ല്യു ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. 

കരുത്തുറ്റ പ്രകടനം തന്നെയാണ് മുഖം മിനുക്കിയെത്തിയ എം5 കോംപറ്റീഷന്റെയും മുഖമുദ്ര. ലുക്കിലും മുന്‍ മോഡലില്‍ നിന്ന് ഏതാനും പുതുമകള്‍ വരുത്തിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഇതിനൊപ്പം മികച്ച യാത്രയൊരുക്കാന്‍ സാധിക്കുന്ന സസ്‌പെന്‍ഷന്‍, കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് എം5 കോംപറ്റീഷന്‍ പുതിയ പതിപ്പിനെ ആകര്‍ഷമാക്കുന്നത്. അതേസമയം, നിരത്തുകളിലുണ്ടായിരുന്ന പതിപ്പിനെക്കാള്‍ ഏഴ് ലക്ഷം രൂപയോളം വിലയും ഉയര്‍ത്തിയിട്ടുണ്ട്.

ബി.എം.ഡബ്ല്യുവിന്റെ ലേസര്‍ ലൈറ്റ് ഹെഡ്‌ലാമ്പ്. എല്‍-ഷേപ്പ് ഡി.ആര്‍.എല്‍, പുതുക്കി ഡിസൈന്‍ ചെയ്തിട്ടുള്ള ടെയ്ല്‍ലാമ്പ്, വലിയ അഴിച്ചുപണികള്‍ വരുത്തിയിട്ടുള്ള ബമ്പര്‍ എന്നിവയാണ് ആദ്യ കാഴ്ചയിലെ പുതുമ. പുതിയ ഏപ്രണും ഡിഫ്യൂസറും നല്‍കിയുള്ള റിയര്‍ ബമ്പര്‍, മൂന്ന് ഡിസൈനുകളില്‍ ഒരുക്കിയിട്ടുള്ള 20 ഇഞ്ച് അലോയി വീലുകളും വശങ്ങളില്‍ നല്‍കിയിട്ടുള്ള എം5 ബാഡ്ജിങ്ങ് എന്നിവ എം5 കോംപറ്റീഷന്റെ പുതിയ പതിപ്പിന്റെ സ്‌പോര്‍ട്ടി ഭാവത്തിന് മാറ്റ് കൂട്ടുന്നവരയാണ്.

BMW M5 Competition
ബി.എം.ഡബ്ല്യു. എം5 കോംപറ്റീഷന്‍ | Photo: BMW India

ക്യാബിന്‍ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്താതെയാണ് നിര്‍മാതാക്കള്‍ ഈ വാഹനം മുഖം മിനുക്കി എത്തിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി സംവിധാനങ്ങളുള്ള 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ആംബിയന്റ് ലൈറ്റിങ്ങ്, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, എം5 സീറ്റുകള്‍, ഹാന്‍സ്-ഫ്രീ പാര്‍ക്കിങ്ങ്, ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം തുടങ്ങിയവയും അകത്തളത്തിന് ആഡംബര ഭാവം ഒരുക്കുന്നുണ്ട്.

4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 എന്‍ജിനാണ് എം5 കോംപറ്റീഷന്റെ ഹൃദയം. ഇത് 612 ബി.എച്ച്.പി. പവറും 750 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 3.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിന് നല്‍കിയിട്ടുണ്ട്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. കംഫോര്‍ട്ട്, സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് പ്ലസ്, ട്രാക്ക് എന്നീ ഡ്രൈവ് മോഡലുകളും ഈ വാഹനത്തെ കരുത്തനാക്കും.

Content Highlights: BMW Launch M5 Competition Facelift Launched In India