ബി.എം.ഡബ്ല്യു ഐ.എക്സ്. ഫ്ളോ | Photo: BMW.com
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു അടുത്തിടെ നിറം മാറുന്ന വാഹനത്തിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചിരുന്നു. ഇലക്ട്രോണിക് ഇങ്ക് സാങ്കേതികവിദ്യയിലൂടെ പല നിറങ്ങളിലേക്ക് മാറാന്‍ സാധിക്കുമെന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ഈ വാഹനം പ്രദര്‍ശനത്തിനെത്തിച്ചപ്പോള്‍ ഒരു സ്വിച്ച് അമര്‍ത്തി പല നിറങ്ങളിലേക്ക് മാറാന്‍ സാധിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഈ നിറം മാറ്റം മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഒരുക്കുകയാണ് ബി.എം.ഡബ്ല്യു.
ലാസ് വേഗസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ 2022-ലാണ് നിറം മാറാന്‍ കഴിയുന്ന വാഹനമെന്ന നവീന ആശയവുമായി ബി.എം.ഡബ്ല്യു എത്തിയത്. ഇ-ഇങ്ക് എന്ന ഏറ്റവും എനര്‍ജി എഫിഷന്റ് ആയിട്ടുള്ള സാങ്കേതികവിദ്യയിലൂടെയാണ് ബി.എം.ഡബ്ല്യുവില്‍ ഇത് സാധ്യമാക്കിയിരിക്കുന്നതെന്നാണ് ബി.എം.ഡബ്ല്യുവിന്റെ റിസേര്‍ച്ച് എന്‍ജിനിയര്‍ സ്റ്റെല്ല ക്ലര്‍ക് അറിയിച്ചിരിക്കുന്നത്.
ഫോണില്‍ നല്‍കിയിട്ടുള്ള ആപ്പ് കണ്ട്രോള് ചെയ്യുന്ന ഇലക്ട്രിക് സിഗ്നലുകളിലൂടെ വാഹനത്തിന്റെ മെറ്റീരിയലിലേക്ക് വ്യത്യസ്തമായ പിഗ്മെന്റുകള്‍ എത്തുകയും ഇത് റേസിങ്ങ് സ്ട്രിപ്പുകള്‍ പോലുള്ള ഡിസൈനുകളും മറ്റ് ഷേഡുകളും തീര്‍ക്കുമെന്നാണ് സാങ്കേതിക വിശദീകരണം. ഇപ്പോള്‍ ആപ്പിലൂടെയാണ് ഇത് നിയന്ത്രിക്കുന്നതെങ്കിലും ഭാവിയില്‍ ഡാഷ്ബോര്‍ഡില്‍ നല്കുന്ന ഒരു സ്വിച്ചിലൂടെ നിറം മാറ്റം സാധ്യമാകുമെന്നാണ് നിര്‍മാതാക്കള്‍ നല്കുന്ന ഉറപ്പ്.
ബി.എം.ഡബ്ല്യുവിന്റെ ഇലക്ട്രിക് മോഡലായ ഐ.എക്സ്. ഫ്ളോ എന്ന കണ്‍സെപ്റ്റ് മോഡലിലാണ് ഈ സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ളത്. ഇ-ലിങ്ക് എന്ന കമ്പനിയുമായി ചേര്‍ന്നാണ് വാഹനത്തില്‍ ഈ സംവിധാനം പരീക്ഷിച്ചിരിക്കുന്നത്. ഇലക്ട്രോഫോറെറ്റിക് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വാഹനത്തില്‍ ഈ സംവിധാനം ഒരുങ്ങുന്നത്. വാഹനത്തിനുള്ളിലെ ഡിജിറ്റലൈസേഷന് എക്സ്റ്റീരിയറിലേക്കും എത്തിക്കുന്നതിന്റെ ചുവടുവയ്പ്പായാണ് ഇതിലെ വിശേഷിപ്പിക്കുന്നത്.
കണ്‍സപ്റ്റ് മോഡല്‍ അനുസരിച്ച് കാറിന്റെ പുറംഭാഗത്തെ നിറം കറുപ്പില്‍നിന്ന് വെളുപ്പിലേക്ക് അല്ലെങ്കില്‍ കറുപ്പും വെളുപ്പും ചേര്‍ന്ന ഗ്രാഫിക്സ് പാറ്റേണുകളിലേക്കാണ് മാറ്റാന്‍ കഴിയുക. വാഹനത്തിന് പ്രത്യേകമായി വികസിപ്പിച്ചെടുത്ത ബോഡി റാപ്പ് ഉപയോഗിച്ചാണ് ഈ മാറ്റങ്ങള്‍ സാധ്യമാക്കുന്നത്. ഇലക്ട്രിക് സിഗ്നലുകളുടെ സഹായത്തോടെ ഇലക്ട്രോഫോറെറ്റിക് സാങ്കേതികവിദ്യ വ്യത്യസ്ത നിറങ്ങളിലേക്ക് മാറുകയും ഇതുവഴി വാഹനത്തിന് ഇഷ്ടമുള്ള നിറത്തിലേക്ക് മാറാനും സാധിക്കും.
ഡ്രൈവറിന്റെ സൗന്ദര്യ സങ്കല്പ്പത്തിന് അനുസരിച്ച് വാഹനത്തിന്റെ നിറം മാറ്റാന്‍ സാഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഇ-ഇങ്ക് ഒരുക്കുന്നത്. ഇത് വാഹനത്തെ മനോഹരമാക്കുന്നതിനും അലങ്കരിക്കുന്നതിനും വലിയ സാധ്യതയാണ് ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാങ്കേതികവിദ്യയിലൂടെ ഭാവി വാഹനങ്ങളുടെ അകവും പുറവും ഒരുപോലെ അലങ്കരിക്കുന്നതിന് കൂടുതല്‍ സാധ്യതകള്‍ ഒരുക്കുകയാണ് നിര്‍മാതാക്കളുടെ ലക്ഷ്യമെന്നാണ് വിലയിരുത്തലുകള്‍.
Source: Car and Bike
Content Highlights: BMW IX Flow, Color changing car, car color can through mobile app, BMW Cars
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..