വാഹന നിരയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂട്ടി ചേര്‍ക്കുന്നതിന്റെ നീക്കത്തിലാണ് ആഡംബര വാഹന നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായി ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഇലക്ട്രിക് ക്രോസ് ഓവര്‍ മോഡല്‍ iX ഇലക്ട്രിക് അവതരിപ്പിച്ചു. എക്‌സ്‌ഡ്രൈവ്50, എക്‌സ്‌ഡ്രൈവ്40 എന്നീ രണ്ട് വേരിയന്റുകളിലാണ് iX ഇലക്ട്രിക് പുറത്തിറങ്ങുന്നത്. 

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 483 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. തികച്ചും പുതുമയുള്ള ഡിസൈനിനൊപ്പം, ബി.എം.ഡബ്ല്യുവിന്റെ റെഗുലര്‍ മോഡലുകളായ X5, x6, x7  എന്നീ എസ്.യു.വികളുടെ ഏതാനും ഫീച്ചറുകളും കടമെടുത്താണ് ബി.എം.ഡബ്ല്യു ഈ ആഡംബര ഇലക്ട്രിക് ക്രോസ് ഓവര്‍ ഒരുക്കിയിട്ടുള്ളതെന്നാണ് സൂചന.

ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം നിര്‍മിച്ചിട്ടുള്ള അലുമിനിയം സ്‌പേസ് ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ഡിസൈനില്‍ പുതുമ വരുത്തയിട്ടുണ്ടെങ്കിലും ബി.എം.ഡബ്ല്യുവിന്റെ സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്ല് ഈ വാഹനത്തിലും നല്‍കിയിട്ടുണ്ട്. ക്യാമറ, സെല്‍സര്‍ തുടങ്ങിയുള്ള ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങളും ഗ്രില്ലില്‍ നല്‍കിയിട്ടുണ്ടെന്നാണ് ബി.എം.ഡബ്ല്യു അറിയിച്ചിരിക്കുന്നത്. 

ഡ്യുവല്‍ ബീം എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, ഗ്ലോസി ബ്ലാക്ക് ക്ലാഡിങ്ങ് നല്‍കിയിട്ടുള്ള വലിയ ബമ്പര്‍, എന്നിവയാണ് മുഖഭാവത്തിന് അഴകേകുന്നത്. പുതുമയുള്ള അലോയി വീലാണ് വശങ്ങളുടെ സൗന്ദര്യം. പിന്‍വശത്തിന്റെ ഡിസൈനിലും പുതുമ നിഴലിക്കുന്നുണ്ട്. നേര്‍ത്ത എല്‍.ഇ.ഡി. ടെയില്‍ലാമ്പ്, റിഫ്‌ളക്ടറുകള്‍ നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ റിയര്‍ ബമ്പര്‍ എന്നിവയാണ് പിന്‍ഭാഗത്തുള്ളത്. 

ബി.എം.ഡബ്ല്യുവിന്റെ പുതുതലമുറ ഇലക്ട്രിക് സാങ്കേതികവിദ്യയാണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. 503 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള രണ്ട് ഇലക്ട്രിക് മോട്ടോറാണ് iX ഇലക്ട്രിക്കിന് കരുത്തേകുന്നത്. അതിവേഗം ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. 200kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റില്‍ 70 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Content Highlights: BMW iX Electric Crossover Unveiled With 483 Km Range