ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന ആദ്യ ഇലക്ട്രിക് വാഹനമാണ് iX വിപണിയില്‍ എത്താന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. ഉയര്‍ന്ന റേഞ്ചും കിടിലന്‍ ലുക്കും ആഡംബര ഫീച്ചറുകളുമായെത്തുന്ന ഈ ഇലക്ട്രിക് എസ്.യു.വി. ഡിസംബര്‍ 13-ന് ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കും. ബി.എം.ഡബ്ല്യു ഇന്ത്യന്‍ വിപണിക്കായി ഒരുക്കിയിട്ടുള്ള മൂന്ന് ഇലക്ട്രിക് വാഹനങ്ങളില്‍ ആദ്യത്തേതാണ് iX എന്നാണ് വിവരം.

വിപണിയില്‍ അവതരിപ്പിക്കുന്നത് മുന്നോടിയായി കഴിഞ്ഞ ദിവസം ഈ വാഹനം ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നു. ബി.എം.ഡ്ബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനിയുടെ ഇലക്ട്രിക് മോഡലായ മിനി കൂപ്പര്‍ എസ്.ഇ. 2022 മാര്‍ച്ചിലും, ബി.എം.ഡബ്ല്യുവിന്റെ ആഡംബര ഇലക്ട്രിക് സെഡാനായ i4 2022 ജൂണ്‍ മാസത്തിലും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. ആദ്യ ഇലക്ട്രിക് വാഹനമായ iX-ന്റെ മറ്റ് വിവരങ്ങള്‍ കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു.

എക്‌സ് ഡ്രൈവ്40 എന്ന ഒറ്റ വേരിയന്റില്‍ മാത്രമായിരിക്കും ഈ വാഹനം ഇന്ത്യയില്‍ എത്തിക്കുന്നതെന്നാണ് ബി.എം.ഡബ്ല്യു അറിയിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ബി.എ.ഡബ്ല്യു ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും iX-ന്റെ ബുക്കിങ്ങ് ആരംഭിച്ചതായാണ് വിവരം. വാഹനം ഡിസംബര്‍ 13-ന് അവതരിപ്പിക്കുമെങ്കിലും 2022 ഏപ്രില്‍ മാസം മുതല്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ കഴിയൂവെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 425 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് iX-ഇ.വിയുടെ ആകര്‍ഷണം. ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം നിര്‍മിച്ചിട്ടുള്ള അലുമിനിയം സ്പേസ് ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ഡിസൈനില്‍ പുതുമ വരുത്തയിട്ടുണ്ടെങ്കിലും ബി.എം.ഡബ്ല്യുവിന്റെ സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്ല് iX-ലും നല്‍കിയിട്ടുണ്ട്. ക്യാമറ, സെല്‍സര്‍ തുടങ്ങിയുള്ള ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങളും ഗ്രില്ലില്‍ നല്‍കിയിട്ടുണ്ട്.

ബി.എം.ഡബ്ല്യുവിന്റെ പുതുതലമുറ ഇലക്ട്രിക് സാങ്കേതികവിദ്യയാണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. വാഹനത്തിന്റെ ആക്‌സിലുകളിലായി രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് നല്‍കിയിട്ടുള്ളത്. 76.6 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പാക്കാണ് ഇതിലുള്ളത്. ആക്‌സിലുകളില്‍ നല്‍കിയിട്ടുള്ള രണ്ട് മോട്ടോറുകളും ചേര്‍ന്ന് 322 ബി.എച്ച്.പി. പവറും 630 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, വിദേശത്ത് എത്തിയിട്ടുള്ള xDrive50-വേരിയന്റ് 503 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. 

നാല് ചാര്‍ജിങ്ങ് ഓപ്ഷനുകളാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 36 മണിക്കൂറില്‍ ബാറ്ററി നിറയുന്ന 2.3 kW ചാര്‍ജര്‍, 10.75 മണിക്കൂറില്‍ പൂര്‍ണമായും ബാറ്ററി നിറയുന്ന 7.4 kW ചാര്‍ജര്‍, 7.25 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 11 kW ചാര്‍ജര്‍ എന്നിവയാണ് റെഗുലര്‍ ചാര്‍ജിങ്ങ് ഓപ്ഷനുകള്‍. 31 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് നിറയ്ക്കാന്‍ ശേഷിയുള്ള 150 kW ചാര്‍ജറുകളും ഈ വാഹനത്തില്‍ ഉപയോഗിക്കാമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: BMW India First electric model iX electric SUV to launch on December 13, BMW Cars, Electric Vehicle