ന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി എട്ട് കോടി രൂപയുടെ ധനസഹായമാണ് നല്‍കിയിട്ടുള്ളത്. മുമ്പ് ബി.എം.ഡബ്ല്യു നല്‍കിയ മൂന്ന് കോടിക്ക് പുറമെ, അഞ്ച് കോടി രൂപയാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. 

ഹരിയാനയിലെ ഗുരുഗ്രാം, തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് ഈ പണം കൈമാറുന്നതെന്നാണ് ബി.എം.ഡബ്ല്യു അറിയിച്ചിട്ടുള്ളത്. ധനസഹായത്തിന് പുറമെ, ഈ പ്രദേശങ്ങളിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തില്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും കമ്പനി അറിയിച്ചു.

ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗീവ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ ഓക്‌സിജന്‍ ബാങ്കിനായി 150 ഓക്‌സിജന്‍ കോണ്‍സന്ററേറ്ററുകള്‍ കൈമാറിയിട്ടുണ്ടെന്ന് ബി.എം.ഡബ്ല്യു ഇന്ത്യ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനി എന്ന നിലയില്‍ ബി.എം.ഡബ്ല്യു ജനസേവനത്തിന് മുന്‍തൂക്കം നല്‍കുമെന്നാണ് ബി.എം.ഡബ്ല്യു. ഇന്ത്യയുടെ മേധാവി അഭിപ്രായപ്പെട്ടത്. 

ചെങ്കല്‍പേട്ടിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് ഐസോലേഷന്‍ വാര്‍ഡും പി.സി.ആര്‍. ലാബും ബി.എം.ഡബ്ല്യു ഒരുക്കി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, ആര്‍.ടി-പി.സി.ആര്‍ ലാബ് ഉപകരണങ്ങളും മൈക്രോബയല്‍ ഡിറ്റക്ഷന്‍ സംവിധാനവും ഉടന്‍ നല്‍കുമെന്ന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്. ഗുരുഗ്രാമില്‍ സാമ്പിള്‍ ശേഖരിക്കുന്നതിനും വാക്‌സിനേഷനുമായി മൊബൈല്‍ വാനും നല്‍കിയിട്ടുണ്ട്.

കോവിഡ് രോഗികളെ സഹായിക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍ ഓണ്‍ കോള്‍, ഹോം ടെസ്റ്റിങ്ങ്, കണ്‍സള്‍ട്ടേഷന്‍, ട്രീറ്റ്‌മെന്റ്, ആംബുലന്‍സ് സര്‍വീസ് എന്നിവയും ബി.എം.ഡബ്ല്യു. ഒരുക്കുന്നുണ്ട്. കമ്പനിയുടെ ജീവനക്കാര്‍ക്കായി കോവിഡ് ട്രീറ്റ്‌മെന്റിനും മറ്റുമായി ഇന്‍ഷുറന്‍സ് പദ്ധതിയും ഒരുക്കുന്നുണ്ട്. ഇതില്‍ ജീവനക്കാരുടെ ആശ്രിതര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ശമ്പളവും ഉറപ്പാക്കും.

Content Highlights; BMW India Announce Rupees 5 Crore For Covid Relief Activities