ഗോളതലത്തില്‍ തന്നെ വാഹന നിര്‍മാതാക്കള്‍ പരമ്പരാഗത ഇന്ധനങ്ങളോട് വിടപറയുകയും ഇലക്ട്രിക് കരുത്തിലേക്ക് ചുവടുറപ്പിക്കുകയുമാണ്. ഈ ഒരു മാറ്റത്തിന് ലോകം സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തില്‍ ഒരുപടി കൂടി കടന്ന് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനം പ്രഖ്യാപിച്ചിരിക്കുകയാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. 

ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി. മോഡലായ X5-ന്റെ ഫ്യുവല്‍ സെല്‍ വാഹനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2022-ല്‍ ഈ വാഹനം നിരത്തുകളില്‍ എത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. കമ്പനിയുടെ ഇ-ഡ്രൈവ് യൂണിറ്റായ ഐ.എക്‌സ്.3-യും ഐ ഹൈഡ്രജന്‍ നെക്സ്റ്റും സംയോജിപ്പിച്ചായിരിക്കും X5 ഫ്യുവല്‍ സെല്‍ മോഡല്‍ പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഫ്യുവല്‍ സെല്ലിനൊപ്പം ഇലക്ട്രിക് കണ്‍വേര്‍ട്ടറും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. ഇത് ഇലക്ട്രിക്ക് പവര്‍ട്രെയിനിന്റെയും പീക്ക് പവര്‍ ബാറ്ററിയുടെയും വോള്‍ട്ടേജ് ക്രമീകരിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനുപുറമെ, ഫ്യുവല്‍ സെല്ലില്‍ നിന്നുള്ള ഊര്‍ജം കൊണ്ട് ഇതിലെ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. 

ബി.എം.ഡബ്ല്യു ഐ ഹൈഡ്രജന്‍ നെക്സ്റ്റ് 125 കിലോവാട്ട് അല്ലെങ്കില്‍ 168 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. കൂടുതല്‍ റേഞ്ച് ഉറപ്പാക്കുന്നതിനായി ആറ് കിലോ ഹൈഡ്രജന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 700 ബാര്‍ ടാങ്കും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. നാല് മിനിറ്റിനുള്ളില്‍ ഇതില്‍ ഹൈഡ്രജന്‍ പൂര്‍ണമായും നിറക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇലക്ട്രിക് മോട്ടോറിനൊപ്പം നല്‍കിയിട്ടുള്ള പീക്ക് പവര്‍ ബാറ്ററി ഈ വാഹനത്തിന്റെ പ്രകടനത്തെ കൂടുതല്‍ കാര്യക്ഷമമാക്കും. ഇലക്ട്രിക് മോട്ടോറും പീക്ക് പവര്‍ ബാറ്ററിയും ചേര്‍ന്ന് 373 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുമെന്നാണ് സൂചന. വാഹനത്തിന്റെ ഡിമാന്റും മറ്റ് ഘടകങ്ങളും പരിശോധിച്ച് ഈ വാഹനം വിപണിയില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്.

Content Highlights: BMW Develops Fuel Cell Model X5 SUV