ന്ത്യന്‍ നിരത്തുകള്‍ക്കായി ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. അവതരിപ്പിച്ച കുഞ്ഞന്‍ കൂപ്പെ മോഡല്‍ ആയിരുന്നു ടൂ സീരീസ് ഗ്രാന്‍ കൂപ്പെ. രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിരുന്ന ഈ വാഹനം മൂന്നാമത് ഒരു വേരിയന്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ്. 220i സ്‌പോട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ പതിപ്പിന് 37.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. 

ടൂ സീരീസ് ഗ്രാന്‍ കൂപ്പെ നിരയിലെ എന്‍ട്രി ലെവല്‍ വേരിയന്റായാണ് പുതിയ പതിപ്പ് എത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ 220 ഡി സ്പോര്‍ട്സ് ലൈന്‍, 220 ഡി.എം. സ്പോര്‍ട്ട് എന്നീ വേരിയന്റുകളില്‍ നല്‍കിയിട്ടുള്ള ഏതാനും ഫീച്ചറുകള്‍ ഈ വേരിയന്റില്‍ നിന്ന് നീക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വേരിയന്റുകള്‍ക്ക് യഥാക്രമം 39.30 ലക്ഷം 41.40 ലക്ഷം രൂപയാണ് എക്സ്ഷോറും വില. 

ഡിസൈനില്‍ മറ്റ് വേരിയന്റുകള്‍ക്ക് സമാനമാണ് 220i സ്‌പോട്ടും. കൂപ്പെ മോഡലുകളുടെ ഡിസൈനിന് സമാനമായി ചെരിഞ്ഞ റൂഫും പില്ലറുകള്‍ ഇല്ലാതെയുള്ള ഡോറുകളും ടൂ സീരീസ് ഗ്രാന്‍ കൂപ്പെയുടെ ഈ വേരിയന്റിലുമുണ്ട്. ബി.എം.ഡബ്ല്യുവിന്റെ സിഗ്നേച്ചറായ കിഡ്നി ഡിസൈന്‍ ഗ്രില്ല്, എല്‍.ഇ.ഡി ഹെഡ്ലാമ്പ്, എല്‍-ഷേപ്പ് ടെയ്ല്‍ലാമ്പ് എന്നിവ മറ്റ് വേരിയന്റുകള്‍ക്ക് മോഡലുകള്‍ക്ക് സമാനമാണ്.

അതേസമയം, ഇന്റീരിയറില്‍ ചില ഫീച്ചറുകള്‍ കുറഞ്ഞിട്ടുണ്ട്. ഗിയര്‍ ലിവര്‍, സ്റ്റിയറിങ്ങ്, ഹെഡ്‌റെസ്റ്റ് എന്നിവയില്‍ നല്‍കിയിരുന്ന എം.സ്റ്റാപ്ഡ് ബിറ്റ്, മറ്റ് മോഡലുകളിലെ 10.25 ഡിസ്‌പ്ലേയിക്ക് പകരം 8.8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. ഇന്‍സ്ട്രുമെന്റ് യൂണിറ്റും അനലോഗ് ആയിട്ടുണ്ട്. വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം ഉള്‍പ്പെടെയുള്ളവയും നീക്കിയിട്ടുണ്ട്. 

2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ടൂ സീരീസ് ഗ്രാന്റ് കൂപ്പെയുടെ ഹൃദയം. ഇത് 187 ബി.എച്ച്.പി പവറും 280 എന്‍.എം ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 7.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. മെഴ്സിഡസ് ബെന്‍സ് എ ക്ലാസ്, ഔഡി എ3 എന്നിവയാണ് എതിരാളികള്‍.

Content Highlights: BMW 2 Series Gran Coupe 220i Sport Launched In India