സ്റ്റന്‍ മാര്‍ട്ടിന്‍ എന്ന പേര് എപ്പോഴും ചേര്‍ത്ത് വായിക്കുന്നത് ജെയിംസ് ബോണ്ട് എന്ന വിഖ്യാത കഥാപാത്രത്തിന്റെ പേരിനൊപ്പമാണ്. ബോണ്ടിന്റെ സാഹസിക യാത്രകള്‍ക്ക് കൂട്ടായ ഈ വാഹനത്തിന്റെ എസ്.യു.വി. മോഡല്‍ ഡി.ബി.എക്‌സ് അടുത്തിടെ ഇന്ത്യയില്‍ എത്തിയിരുന്നു. ഈ വാഹനത്തിന്റെ 11 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ എത്തുന്നതെന്നാണ് വിവരം. എന്നാല്‍, ഇതില്‍ തന്നെ ഒരു വാഹനം കേരളത്തിലും എത്തിയിരിക്കുകയാണ്. 

കേരളത്തിലെ പ്രമുഖ സ്വര്‍ണ വ്യാപാര ശൃംഖലയായ ഭീമാ ജ്വല്ലറിയുടെ ഉടമ ഡോ. ബി. ഗോവിന്ദനാണ് കേരളത്തിലെ ആദ്യ ആസ്റ്റന്‍ മാര്‍ട്ടിന്‍ ഡി.ബി.എക്‌സ്. സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വില വരുന്ന ഈ വാഹനം ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് റിലയിന്‍സ് ഗ്രൂപ്പ് മേധാവിയായ മുകേഷ് അംബാനിയാണ്. ഇന്ത്യയില്‍ ഡി.ബി.എക്‌സ് സ്വന്തമാക്കുന്ന നാലാമത്തെ വ്യക്തിയാണ് ബി. ഗോവിന്ദന്‍.

ഫുള്‍-സൈസ് എസ്.യു.വിയായാണ് ആസ്റ്റന്‍ മാര്‍ട്ടിന്‍ DBX-നെ ഒരുക്കിയിട്ടുള്ളത്. 5039 എം.എം. നീളവും 1998 എം.എം. വീതിയും 1680 എം.എം. ഉയരവും 3060 എം.എം. വീല്‍ബേസും, 190 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ഈ വാഹനത്തിനുള്ളത്. ലംബോര്‍ഗിനി ഉറുസ്, ബെന്റ്ലി ബെന്റാഗെയ, റോള്‍സ് റോയിസ് കള്ളിനന്‍ എന്നീ ആഡംബര വാഹനങ്ങളെ ആയിരിക്കും DBXന് ഇന്ത്യയില്‍ നേരിടേണ്ടി വരുന്ന പ്രധാന എതിരാളികള്‍.

മുഖം പൂര്‍ണമായും കവര്‍ ചെയ്യുന്ന ഡി.ബി.ഗ്രില്ല്, ബോണറ്റിലേക്ക് ഉള്‍വലിഞ്ഞിരിക്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെഡ് ലാംപ്, സ്പോര്‍ട്സ് വാഹനങ്ങളോട് കിടപിടിക്കുന്ന ബംബര്‍, ഫോഗ് ലാംപിന് ചുറ്റും നല്‍കിയിട്ടുള്ള ഡി.ആര്‍.എല്‍, പവര്‍ ലൈനുകള്‍ നല്‍കി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള ബോണറ്റ്, 22 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകള്‍ എന്നിവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ മോടിപിടിപ്പിച്ചിരിക്കുന്നത്. 

ആഡംബരത്തിന്റെ പര്യായമാണ് ഈ എസ്.യു.വിയുടെ അകത്തളം. 12.3 ഇഞ്ച് വലിപ്പമുള്ള ടി.എഫ്.ടി. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ആംബിയന്റ് ലൈറ്റിങ്ങ്, പനോരമിക് സണ്‍റൂഫ്, ഹീറ്റഡ് സീറ്റുകള്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 800 വാട്ട് 14 സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് അകത്തളത്തിലുള്ളത്. 

മെഴ്സിഡസ് ബെന്‍സ് എ.എം.ജിയില്‍ നല്‍കിയിട്ടുള്ള 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് DBX-ന്റെയും ഹൃദയം. ഇത് 542 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 291 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം വെറും 4.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗവും കൈവരിക്കും.

Content Highlights: Bhima Jewellers Owner Dr. B.Govindan Buy Aston Martin DBX SUV