ജൂലായി മാസത്തിലെ വില്‍പ്പന ഒട്ടുമിക്ക വാഹന നിര്‍മാതാക്കള്‍ക്കും നേട്ടത്തിലായിരുന്നു. ഈ നേട്ടം ഓഗസ്റ്റിലും തുടരാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ഓണ വിപണിയിലും കണ്ണുവെച്ചാണ് നിരവധി ഓഫറുകള്‍ കേരളത്തിലെ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ചെറു കാറുകളുടെ വിപണി കൂടുതല്‍ കരുത്താര്‍ജിക്കുന്നത് പരിഗണിച്ച് ഇത്തവണ കൂടുതല്‍ ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത് ഈ ശ്രേണിയിലെ വാഹനങ്ങള്‍ക്കാണ്. ഈ ഓണക്കാലത്ത് കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന ഹാച്ച്ബാക്കുകള്‍ ഇവയാണ്.
മാരുതി ആള്‍ട്ടോ 800
മാരുതിയുടെ കുഞ്ഞന്‍ ഹാച്ച്ബാക്കായ ആള്‍ട്ടോ 800-ന് മികച്ച ആനുകൂല്യമാണ് ഒരുക്കിയിരിക്കുന്നത്. 30,000 രൂപയുടെ ക്യാഷ് ഓഫറിന് പുറമെ, 30,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും മാരുതി ഒരുക്കിയിട്ടുണ്ട്. 2.51 ലക്ഷത്തിലാണ് ആള്‍ട്ടോയുടെ വില ആരംഭിക്കുന്നത്.
മാരുതി ആള്‍ട്ടോ കെ-10
മാരുതിയുടെ മറ്റൊരു കുഞ്ഞന്‍ ഹാച്ച്ബാക്കാണ് ആള്‍ട്ടോ കെ10. 27,000 രൂപ വരെയാണ് മാരുതി ഇതിന് ഓഫര്‍ ഒരുക്കുന്നത്. ഇതിന് പുറമെ, 35,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും ഒരുക്കുന്നുണ്ട്. 3.40 രൂപയാണ് കെ10-ന്റെ എക്‌സ്‌ഷോറൂം വില.
മാരുതി വാഗണ്‍ആര്‍
മാരുതിയുടെ ജനപ്രീയ വാഹനമായ വാഹനമായ വാഗണ്‍ആറിന് 30,000 മുതല്‍ 35,000 രൂപ വരെയാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ, ഓട്ടോമാറ്റിക്, മാനുവല്‍ മോഡലുകള്‍ക്ക് 35000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഒരുക്കിയിട്ടുണ്ട്.
മാരുതി സ്വിഫ്റ്റ്
മാരുതിയുടെ ടോപ്പ് സെല്ലിങ് വാഹനങ്ങളിലൊന്നായ സ്വിഫ്റ്റിനും ആകര്‍ഷകമായ ഓഫറുകളാണുള്ളത്. വി.എക്‌സ്.ഐ, വി.ഡി.ഐ മോഡലുകള്‍ക്ക് 25,000 രൂപ വില കുറവും, ഡീസല്‍ മോഡലുകള്‍ക്ക് 15,000 മുതല്‍ 25,000 വരെ എക്‌സ്‌ചേഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്.
ഹ്യുണ്ടായി ഇയോണ്‍
ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ ഹാച്ച്ബാക്കാണ് ഇയോണ്‍. ഇത്തവണ മികച്ച ഓഫര്‍ നല്‍കിയിരിക്കുന്നതും ഈ കുഞ്ഞനാണ്. 40,000 രൂപയുടെ വില കുറവും 10,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറുമാണ് ഹ്യുണ്ടായി നല്‍കുന്നത്.
ഹ്യുണ്ടായി ഗ്രാന്റ് ഐ10
വില്‍പ്പന നേട്ടത്തില്‍ സ്വിഫ്റ്റിനൊപ്പം നേട്ടമുണ്ടാക്കിയ വാഹനമാണ് ഹ്യുണ്ടായിയുടെ ഗ്രാന്റ് ഐ10. ഈ ഉത്സവകാലത്ത് സ്വിഫ്റ്റിനെ മറികടക്കാനുതകുന്ന ഓഫറാണ് ഒരുക്കിയിരിക്കുന്നത്. 50,000 രൂപയുടെ വില കുറവും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുമാണ് ഹ്യുണ്ടായി നല്‍കുന്നത്.
വോക്‌സ്‌വാഗണ്‍ പോളൊ
ജനങ്ങള്‍ ഏറ്റെടുത്ത സ്റ്റൈലന്‍ ഹാച്ച്ബാക്കാണ് വോക്‌സ്‌വാഗണ്‍ പോളൊ. ഓഗസ്റ്റ് മാസം പോളൊയിക്കും ആകര്‍ഷകമായ ഓഫറാണ് ഒരുക്കിയിരിക്കുന്നത്. 20,000 രൂപയുടെ ക്യാഷ് ഓഫറും 10,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറുമാണ് ഒരുക്കിയിട്ടുള്ളത്.
ഫോര്‍ഡ് ഫിഗോ
സുരക്ഷ മുഖമുദ്രയാക്കിയ ഫോര്‍ഡില്‍ നിന്ന് പുറത്തിറങ്ങിയ മികച്ച ഹാച്ച്ബാക്കാണ് ഫിഗോ. എന്നാല്‍, ഇപ്പോള്‍ അല്‍പ്പം തളര്‍ച്ചയില്‍ കഴിയുന്ന ഫിഗോയ്ക്കും മികച്ച ഓഫര്‍ ഒരുക്കിയിട്ടുണ്ട്. 35,000 രൂപയുടെ ക്യാഷ് ഓഫറും 29,000 രൂപയുടെ എക്‌സചേഞ്ച് ഓഫറുമാണ് ഫോര്‍ഡ് നല്‍കുന്നത്.
മഹീന്ദ്ര കെയുവി 100
നിലവില്‍ മഹീന്ദ്ര പുറത്തിറക്കുന്ന ഏറ്റവും ചെറിയ വാഹനമാണ് കെയുവി 100. മികച്ച ആനുകൂല്യങ്ങളുമായാണ് മഹീന്ദ്ര ഉത്സവകാലത്തെ വരവേല്‍ക്കുന്നത്. 20,000 രൂപ മുതല്‍ 40,000 രൂപ വരെ ക്യാഷ് ഓഫറും 29,000 വരെ എക്‌സ്‌ചേഞ്ച് ഓഫറുമാണ് മഹീന്ദ്ര ഒരുക്കുന്നത്.
ടാറ്റാ ബോള്‍ട്ട്
രൂപത്തിലും ഭാവത്തിലും അനിവാര്യമായ മാറ്റം വരുത്തിയതോടെ മികച്ച സ്വീകരണമാണ് ടാറ്റയുടെ കാറുകള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ പരിമിതമായ ഓഫറുകള്‍ മാത്രമാണ് കമ്പനി നല്‍കുന്നത്. ടാറ്റയുടെ ഹാച്ച്ബാക്ക് മോഡലായ ബോള്‍ട്ടിന് 50,000 രൂപയുടെ ക്യാഷ് ഓഫറും 15,000 രൂപയുടെ എക്‌സ്‌ചേഞ്ചും ഒരുക്കുന്നുണ്ട്.
മറ്റ് പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ട, റെനോ, നിസാന്‍ എന്നിവയെല്ലാം തന്നെ സൗജന്യ ഇന്‍ഷൂറന്‍സ്, മികച്ച വാറണ്ടി തുടങ്ങിയ ആനുകൂല്യങ്ങള്‍ ഒരുക്കുന്നുണ്ട്.