ബെന്റ്ലി ബെന്റെയ്ഗ | Photo: Bentley India
അത്യാഡംബര വാഹനങ്ങളിലെ വേഗരാജാവ് എന്ന വിശേഷണമുള്ള ബെന്റ്ലി ബെന്റെയ്ഗ എസ്.യു.വിയുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ബെന്റ്ലിയുടെ ബിയോണ്ട് 100 എന്ന ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച വാഹനമാണ് ബെന്റെയ്ഗ. ലോകത്തിലെ തന്നെ ആഡംബര വാഹനങ്ങളുടെ മേധാവിത്വം കൈപ്പിടിയില്‍ ഒതുക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് ബിയോണ്ട് 100.
മുന്‍മോഡലില്‍ ഒരുക്കിയിരുന്ന ആഡംബരം ഒരു പടി ഉയര്‍ത്തിയും ഏറ്റവും വേഗതയുള്ള എസ്.യു.വി. എന്ന ഖ്യാതി നിലനിര്‍ത്തിയും നിരവധി വൈവിധ്യങ്ങള്‍ വരുത്തിയുമാണ് ബെന്റെയ്ഗയുടെ പുതിയ പതിപ്പ് എത്തിച്ചിട്ടുള്ളത്. മികച്ച പ്രകടനത്തിനൊപ്പം ആഡംബരവും സ്റ്റൈലും സമന്വയിപ്പിച്ചെത്തിയ ബെന്റെയ്ഗയുടെ ആദ്യ തലമുറ മോഡലിന്റെ 20,000 യൂണിറ്റാണ് പുറത്തിറക്കിയതെന്ന് ബെന്റ്ലി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയാണ് പുതിയ ബെന്റെയ്ഗ എത്തിയിട്ടുള്ളത്. കോണ്ടിനെന്റല് ജി.ടി, ഫ്ളൈയിങ്ങ് സ്പര് എന്നീ മോഡലുകളോട് സാമ്യമുള്ള മുഖമാണ് പുതിയ ബെന്റെയ്ഗയിലും നല്‍കിയിട്ടുള്ളത്. ബ്ലാക്ക് ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള മാട്രിക്സ് ഗ്രില്ല്, ബെന്റ്ലിയുടെ സിഗ്നേച്ചര്‍ എല്‍.ഇ.ഡി. ഹെഡ്ലൈറ്റുകള്, മസ്കുലര്‍ ഭാവമുള്ള ബംബര്‍, പവര്‍ ലൈനുകള്‍ നല്‍കിയുള്ള വലിയ ബോണറ്റ് എന്നിവയാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്.

ലാളിത്യമുള്ള ഡിസൈനിലാണ് ബെന്റേയ്ഗയുടെ പിന്‍ഭാഗം ഒരുങ്ങിയിരിക്കുന്നത്. സൈഡ് ബോഡിയിലേക്ക് കയറി നില്ക്കുന്ന ടെയ്ല് ഗേറ്റ്, റൗണ്ട് ഷേപ്പിലുള്ള എല്‍.ഇ.ഡി. ടെയ്ല് ലൈറ്റ്, ബെന്റ്ലി ബാഡ്ജിങ്ങ്, റിഫ്ളക്ടറുകള്‍ നല്‍കിയുള്ള ബംബറുകള്‍, നാല് എക്സ്ഹോസ്റ്റ് പൈപ്പ് എന്നിവയാണ് പിന്‍ഭാഗത്തെ അലങ്കരിക്കുന്നത്. പുതിയ ഡിസൈനിലുള്ള സ്റ്റൈലിഷ് അലോയി വീലുകളാണ് ഈ വാഹനത്തെ മറ്റൊരു ഹൈലൈറ്റ്.
പ്രകടമായ മാറ്റമാണ് അകത്തളത്തിലും നല്‍കിയിട്ടുള്ളത്. ലെഗ് റൂം ഉയര്‍ത്തിയതും പുതിയ സീറ്റ് നല്‍കിയതുമാണ് ഇതില്‍ പ്രധാനം. 10.9 ഇഞ്ച് വലിപ്പമുള്ള നെക്സ്റ്റ് ജനറേഷന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സൂപ്പര്‍ ഹൈ-റെസലൂഷന്‍ ഗ്രാഫിക്സ്, കണക്ടിവിറ്റി സംവിധാനങ്ങള്‍ എന്നിവ ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോയ്ക്കൊപ്പം ആപ്പിള്‍ കാര്‍പ്ലേയും സ്റ്റാന്റേഡായി നല്‍കിയിട്ടുണ്ട്. മറ്റുള്ള മുന്‍ മോഡലില്‍നിന്ന് പറിച്ച് നട്ടവയാണ്.
4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് ഈ അതിവേഗ എസ്.യു.വിക്ക് കരുത്തേകുന്നത്. എന്ജിന് 542 ബി.എച്ച്.പി. പവറും 770 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്സ്മിഷന് നിര്‍വഹിക്കുന്നത്. 4.5 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും. 4.10 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഡല്‍ഹിയിലെ എക്സ് ഷോറും വില.
Content Highlights: Bentley announcing the launch of the New Bentayga in India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..