ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) ഇന്ത്യയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. പെട്രോള്‍-ഡീസല്‍ കാറുകളെക്കാള്‍ ഇലക്ട്രിക് കാറുകള്‍ക്ക് പ്രധാന്യം വര്‍ധിക്കുന്നതിനാല്‍ എംജിയുടെ ഇന്ത്യന്‍ അരങ്ങേറ്റത്തില്‍ ഇവിടേക്ക് ഒരു ഇലക്ട്രിക് മോഡലും ഉണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇക്കാര്യം ശരിവയ്ക്കുംവിധത്തില്‍ ജനറല്‍ മോട്ടോഴ്‌സുമായി ചേര്‍ന്ന് ഷാന്‍ഹായ് ഓട്ടോമോട്ടീവ് ചൈനയില്‍ പുറത്തിറക്കിയ ബെയ്ജന്‍ ഇ100 ഇലക്ട്രിക് മോഡല്‍ എംജി ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തിയതായി റിപ്പോര്‍ട്ട്.
2488 എംഎം നീളവും 1600 എംഎം വീല്‍ബേസും 1670 എംഎം ഉയരവുമുള്ള ബെയ്ജന്‍ ഇ100 ഒരു ടൂ ഡോര്‍ മൈക്രോ കാറാണ്. ടാറ്റ നാനോയെക്കാള്‍ 676 എംഎം നീളം കുറവാണ് ബെയ്ജണിന്. 39 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമേകുന്ന സിംഗില്‍ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തെ നയിക്കുക. മണിക്കൂറില്‍ 100 കിലോമീറ്ററാണ് പരമാവധി വേഗത. ഇലക്ട്രിക് മോട്ടോറിന് കരുത്തുപകരുന്ന 14.9 kWh ലിഥിയം അയോണ്‍ ബാറ്ററി വഴി ഒറ്റചാര്‍ജില്‍ 155 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കും. ബാറ്ററി ഒരുതവണ മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ ഏഴര മണിക്കൂര്‍ വേണം. റീജറേറ്റീവ് ബ്രേക്കിങ് സിസ്റ്റവും ഇതിലുണ്ട്.
800 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. ആള് കുഞ്ഞനാണെങ്കിലും ചൈനീസ് വിപണിയിലുള്ള ബെയ്ജന്‍ ഇ100-ല്‍ 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടച്ച്പാഡ് കണ്‍ട്രോളര്‍, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്, കീലെസ് എന്‍ട്രി തുടങ്ങിയ നിരവധി സൗകര്യങ്ങളുണ്ട്. സുരക്ഷയ്ക്കായി എബിഎസ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, പാര്‍ക്കിങ് സെന്‍സര്‍, പെഡസ്ട്രിയന്‍ അലര്‍ട്ട് സിസ്റ്റം എന്നീ സംവിധാനങ്ങളുമുണ്ട്. എസ്‌യുവി, സെഡാന്‍, ഹാച്ച്ബാക്ക് ശ്രേണിയില്‍ വിദേശത്തുള്ള മുന്‍നിര മോഡലുകള്‍ വരും നാളുകളില്‍ ഇന്ത്യയില്‍ പരീക്ഷ ഓട്ടം നടത്തി വിപണി സാധ്യതകള്‍ വിലയിരുത്തിയ ശേഷം മാത്രമേ എംജി ഇവിടെ കളി ആരംഭിക്കുകയുള്ളു.
Content Highlights; Baojun E100 EV spied in India