ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് കാറുകളുടെ സ്വാധീനം ദിനംപ്രതി ഉയരുകയാണ്. എന്നാല്‍, ടാറ്റ ഒഴികെ ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കള്‍ ഇപ്പോഴും ഇലക്ട്രിക് വാഹനങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്കായി ഇന്ത്യയില്‍ നിന്ന് ഒരു ഇലക്ട്രിക് കാര്‍ നിരത്തുകളിലെത്തിക്കാനൊരുങ്ങുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ട്അപ്പ്.
പ്രവീഗ് എന്ന ഇന്ത്യന്‍ കമ്പനിയാണ് എക്സ്റ്റിങ്ഷന്‍ എം.കെ1 എന്ന പേരില്‍ പ്രീമിയം ഇലക്ട്രിക് കാര്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നത്. ഡിസംബര്‍ നാലിന് ഈ വാഹനം അവതരിപ്പിക്കുമെന്നാണ് സൂചന. സിദ്ധാര്‍ഥ് ബാഗ്രി, ധവാല്‍ വിനായക്, രാം ദിവേദി എന്നിവരുടെ ഉടമസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയാണ് പ്രവീഗ്.
ഇന്ത്യയില്‍ ഇന്നോളം എത്തിയിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളെക്കാള്‍ ഉയര്‍ന്ന റേഞ്ചാണ് ഈ വാഹനം നല്‍കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 504 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. 5.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 196 കിലോമീറ്ററാണ്. 150 Kw പവറും 2400 Nm ടോര്‍ക്കുമാണ് ഇതിലെ മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്.
വേഗത്തില്‍ ചാര്‍ജിങ്ങ് സാധ്യമാക്കുന്നു എന്നതാണ് ഈ എക്സ്റ്റിങ്ഷന്‍ എം.കെ1-ന്റെ പ്രധാന പ്രത്യേകത. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 30 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളായ പ്രവീഗ് അവകാശപ്പെടുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ മേഖലയില്‍ പുതിയ ഒരു അധ്യായമായിരിക്കും ഈ വാഹനമെന്നും നിര്‍മാതാക്കള്‍ പറയുന്നു.
നാല് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ടൂ ഡോര്‍ പ്രീമിയം വാഹനമായിരിക്കും എക്സ്റ്റിങ്ഷന്‍ എം.കെ1. കൂപ്പെ മാതൃകയിലുള്ള ഡിസൈനിലായിരിക്കും ഈ വാഹനം ഒരുങ്ങുക. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ലൂസിഡ് മോട്ടോഴ്‌സ് വിപണിയില്‍ എത്തിച്ചിട്ടുള്ള ലൂസിഡ് എയര്‍ എന്ന വാഹനവുമായി കാഴ്ചയില്‍ സാമ്യമുള്ള മോഡലായിരിക്കും എക്‌സ്റ്റിങ്ഷന്‍ എം.കെ1.
Source: India Times
Content Highlights: Bangalore Based Start Up Developing Indian Made Premium Electric Car