മെഴ്സിഡസ് ബെൻസിന്റെ അടുത്തിടെ മുഖം മിനുക്കിയെത്തിയ എസ്യുവി മോഡലായ ജിഎൽഎസിന്റെ കേരളത്തിലെ ആദ്യ മോഡൽ സ്വന്തമാക്കി അയ്യപ്പനും കോശിയും എന്ന സൂപ്പർഹിറ്റ് സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ പി.എം ശശിധരൻ. മെഴ്സിഡീസിന്റെ കോഴിക്കോട് ഡീലർഷിപ്പായ ബ്രിഡ്ജ് വേ മോട്ടോഴ്സിൽ നിന്നാണ് അദ്ദേഹം പുതിയ ജിഎൽഎസ് സ്വന്തമാക്കിയത്.

ബെൻസിന്റെ എസ്യുവി മോഡലായ ജിഎൽസിയുടെ മുഖം മിനുക്കിയ പതിപ്പ് ജൂൺ 17-നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ജിഎൽഎസ് 400d, ജിഎൽഎസ് 450 4മാറ്റിക് എന്നീ രണ്ട് പതിപ്പുകളിലെത്തുന്ന ഈ വാഹനത്തിന് 3.0 ലിറ്റർ പെട്രോൾ ഡീസൽ എൻജിനുകൾ കരുത്തേകും. 99.9 ലക്ഷം രൂപ മുതലാണ് ജിഎൽഎസിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

മുൻ മോഡലിനെക്കാൾ നീളവും വീതിയും ഉയർത്തിയാണ് പുതിയ ജിഎൽഎസ് എത്തിയിട്ടുള്ളത്. പുതിയ ഡിസൈനിലുള്ള ഒക്ടാഗണൽ ഗ്രില്ല്, എൽഇഡിയിൽ തീർത്ത മൾട്ടിബീം ഹെഡ്ലാമ്പ്, അലുമിനിയം സ്കിഡ് പ്ലേറ്റ്, അഞ്ച് സ്പോക്ക് അലോയി വീൽ തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയർ അലങ്കരിക്കുന്നത്.

നിരവധി ഫീച്ചറുകളും കണക്ടഡ് കാർ സാങ്കേതികവിദ്യയുമാണ് ഈ വാഹനത്തിന്റെ ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്. 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്ക്രീനുകളാണ് ഇന്റീരിയറിലുള്ളത്. ഒന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായും ഒന്ന് ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററായി പ്രവർത്തിക്കും. ഏഴ് സീറ്റർ എസ്യുവിയായ ഈ വാഹനത്തിലെ പിൻനിര സീറ്റുകൾ ഇലക്ട്രോണിക്കലി ഫോൾഡ് ചെയ്യാൻ കഴിയുന്നതാണ്.

ജിഎൽഎസിന്റെ ഡീസൽ പതിപ്പിലെ 3.0 ലിറ്റർ ഇൻ-ലൈൻ ആറ് സിലിണ്ടർ എൻജിൻ 330 ബിഎച്ച്പി പവറും 700 എൻഎം ടോർക്കുമേകും. പെട്രോൾ മോഡൽ 367 ബിഎച്ച്പി പവറും 500 എൻഎം ടോർക്കുമാണ് ഉത്‌പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് 9ജി ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇരു മോഡലിലുമുള്ളത്.

Content Highlights:Ayyappanum KoshiyumFilm Produce P.M Sasidharan Bought Kerala First Mercedes-Benz GLS