കോവിഡ് പ്രതിസന്ധിക്കുശേഷമുള്ള തിരിച്ചുവരവില്‍ രാജ്യത്തെ യാത്രാവാഹന കമ്പനികള്‍ക്ക് ഒക്ടോബറില്‍ മികച്ച നേട്ടം. മിക്ക കമ്പനികളും 2019 ഒക്ടോബറിനെ അപേക്ഷിച്ച് വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പുറത്തുവിട്ട ഒക്ടോബറിലെ മൊത്തവിതരണ കണക്കുകള്‍പ്രകാരം എല്ലാ കമ്പനികളും ചേര്‍ന്ന് 3,33,700 വാഹനങ്ങളാണ് വിറ്റഴിച്ചത്. 

മുന്‍വര്‍ഷത്തെ 2,85,047 എണ്ണത്തെക്കാള്‍ 17 ശതമാനം അധികമാണിത്. 2017 സെപ്റ്റംബറിലെ 3,10,047 യൂണിറ്റെന്ന റെക്കോഡും മറികടന്നിട്ടുണ്ട്. അതേസമയം, റീട്ടെയില്‍ വില്‍പ്പനയിലെ കണക്കുകള്‍ വരാനിരിക്കുന്നതേ ഉള്ളൂ. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് 18.9 ശതമാനമാണ് വില്‍പ്പനവളര്‍ച്ച. കയറ്റുമതിയടക്കം 1,82,448 വാഹനങ്ങളാണ് കമ്പനി പുറത്തിറക്കിയത്. ആഭ്യന്തര വില്‍പ്പനയില്‍ 1,63,656 എണ്ണവുമായി 17.6 ശതമാനം വളര്‍ച്ച നേടാനും കമ്പനിക്കായി.

2019 ഒക്ടോബറിലിത് 1,39,121 എണ്ണമായിരുന്നു. വിപണിയില്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ്ക്ക് ആഭ്യന്തര വില്‍പ്പനയില്‍ 13.2 ശതമാനമാണ് വളര്‍ച്ച. 56,605 വാഹനങ്ങളാണ് കമ്പനി ഒക്ടോബറില്‍ വിറ്റത്. ആഭ്യന്തര വില്‍പ്പനയില്‍ ഒരുമാസത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനകൂടിയാണിത്. 2019 ഒക്ടോബറില്‍ 50,010 വാഹനങ്ങളായിരുന്നു ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചത്. 

അതേസമയം, കയറ്റുമതിയില്‍ 10.1 ശതമാനം ഇടിവു നേരിട്ടു. 12,230 വാഹനങ്ങളാണ് കയറ്റി അയച്ചത്. കയറ്റുമതികൂടി പരിഗണിച്ചാല്‍ 68,835 യൂണിറ്റുകളുമായി ഹ്യുണ്ടായ് 2019 ഒക്ടോബറിലേക്കാള്‍ 8.2 ശതമാനം വില്‍പ്പന വളര്‍ച്ച നേടിയിട്ടുണ്ട്.

ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 79 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 23,600 വാഹനങ്ങളാണ് കമ്പനി കൈമാറിയത്. 2019 ഒക്ടോബറിലിത് 13,169 എണ്ണമായിരുന്നു. നവരാത്രിക്കാലത്ത് കമ്പനിയുടെ ബുക്കിങ്ങില്‍ 103 ശതമാനം വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് മൊത്തം വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷത്തെ 51,896 എണ്ണത്തില്‍നിന്ന് 44,359 യൂണിറ്റുകളായാണ് കുറഞ്ഞത്. 14.5 ശതമാനം ഇടിവ്. അതേസമയം, യാത്രാവാഹന വിഭാഗത്തില്‍ 18,622 വാഹനങ്ങളുമായി കമ്പനി ഒരുശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ 2019 ഒക്ടോബറിലെ 12,610 എണ്ണത്തില്‍നിന്ന് 1.87 ശതമാനം കുറഞ്ഞ് 12,373 എണ്ണമായി. അതേസമയം, 2020 സെപ്റ്റംബറിലെ 8116 യൂണിറ്റിനെക്കാള്‍ 52 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്കായി. ജാപ്പനീസ് കമ്പനിയായ ഹോണ്ട കാര്‍സ് ഇന്ത്യ 8.3 ശതമാനം വളര്‍ച്ചയോടെ 10,836 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2019 ഒക്ടോബറിലിത് 10,010 എണ്ണമായിരുന്നു.

Content Highlights: Automobile Sector Report Growth In Festival Season Sale