ഇന്ത്യയിലെ കോംപാക്ട് എസ്യുവികളുടെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഹ്യുണ്ടായിയുടെ വെന്യു. ഓഗസ്റ്റ് മാസം 9342 യൂണിറ്റ് നിരത്തിലെത്തിച്ചാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കോംപാക്ട് എസ്യുവി പട്ടം വെന്യു സ്വന്തമാക്കിയത്. ജൂലായിയിലും 9585 വെന്യു നിരത്തിലെത്തിയിരുന്നു.
കഴിഞ്ഞ മേയ് മാസമാണ് ഹ്യുണ്ടായി വെന്യു അവതരിപ്പിച്ചത്. ഇതിനുപിന്നാലെ കോംപാക്ട് എസ്യുവി ശ്രേണിയില്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരനായ ബ്രെസയെ വെന്യു പിന്നിലാക്കുകയായിരുന്നു. എന്നാല്‍, ഓഗസ്റ്റിലെ വാഹന വില്‍പ്പനയില്‍ ബ്രെസ മൂന്നാം സ്ഥാനത്താണ്. എര്‍ട്ടിഗയാണ് രണ്ടാം സ്ഥാനത്ത്.
ജൂലായ് മാസത്തിലെ വില്‍പ്പനയെ അപേക്ഷിച്ച് ബ്രെസ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ജൂലായിയില്‍ 5302 വാഹനം നിരത്തിലെത്തിച്ച സ്ഥാനത്ത് ഓഗസ്റ്റില്‍ ഇത് 7109 ആയി ഉയര്‍ന്നിട്ടുണ്ട്. 8391 എര്‍ട്ടിഗയാണ് ഓഗസ്റ്റില്‍ ആഭ്യന്തര വിപണിയില്‍ ഇറങ്ങിയത്. വെന്യുവിന്റെ 36005 യൂണിറ്റാണ് ഇതുവരെ നിരത്തിലെത്തിയത്.
അതേസമയം, കഴിഞ്ഞ മാസം വിപണിയില്‍ എത്തിയ കിയ സെല്‍റ്റോസ് ആദ്യ അഞ്ചില്‍ ഇടംനേടിയിട്ടുണ്ട്.6236 യൂണിറ്റ് നിരത്തിലെത്തിച്ച് വില്‍പ്പനയില്‍ നാലാമനാകാന്‍ സെല്‍റ്റോസിന് കഴിഞ്ഞു. അഞ്ചാം സ്ഥാനത്ത് ഹ്യുണ്ടായിയുടെ ക്രെറ്റയാണ്. 6001 ക്രെറ്റയാണ് കഴിഞ്ഞ മാസം പുറത്തിറങ്ങിയത്.
2018-ല്‍ ഇതേ കാലയളവില്‍ ഒന്നാം സ്ഥാനത്ത് ബ്രെസയും രണ്ടാമത് ക്രെറ്റയും മൂന്നാമത് ഇന്നോവയും നാലാമത് ബൊലേറോയും അഞ്ചാം സ്ഥാനത്ത് നെക്സോണുമായിരുന്നു. എന്നാല്‍, ഇന്നോവ, ബൊലേറോ, നെക്സോണ്‍ തുടങ്ങിയ വാഹനങ്ങള്‍ ഇത്തവണ ആദ്യ അഞ്ചില്‍ ഇടംപിടിച്ചിട്ടില്ല.
Content Highlights: August Sale; Hyundai Venue becomes largest selling Compact SUV in India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..