ര്‍മന്‍ ആഡബര വാഹന നിര്‍മാതാക്കളായ ഔഡി ഇന്ത്യയില്‍ വിവിധ മോഡലുകളുടെ വില ഒന്നര ലക്ഷം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെ കുറച്ചു. ഔഡി നിരയില്‍ എ 3 സെഡാന്‍ മുതല്‍ എ 8 പ്രീമിയം സെഡാന്‍ വരെയുള്ള മോഡലുകള്‍ക്കാണ് വില കുത്തനെ കുറച്ചത്. അടുത്ത മാസം ജൂണ്‍ 30 വരെ കമ്പനി ഈ വിലയില്‍ വാഹനങ്ങള്‍ വിറ്റഴിക്കും. നിലവില്‍ ജൂലായ് ഒന്നു മുതല്‍ രാജ്യത്ത്‌ ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ ആഡംബര വാഹനങ്ങള്‍ക്ക് നികുതി വന്‍ തോതില്‍ കുറയുമെന്ന് വ്യക്തമായതോടെയാണ് ഔഡി ഇന്ത്യ വില കുറച്ചത്. 

എ 3 മോഡലിന് 50000 മുതല്‍ 1.5 ലക്ഷം വരെയും എ 8 മോഡലിന് 10 ലക്ഷം രൂപ വരെയുമാണ് വില കുറയുക. കുറഞ്ഞ പലിശ നിരക്കും സൗജന്യ സര്‍വ്വീസ് പാക്കേജും ഔഡി ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജിഎസ്ടി പ്രകാരം വില കുറയുന്നതോടെ കാര്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ ജൂലായ് ഒന്ന് വരെ കാത്തിരിക്കാനുള്ള സാധ്യത മനസ്സിലാക്കി മെഴ്‌സിഡീസ് ബെന്‍സും ആഭ്യന്തര മോഡലുകള്‍ക്ക് വന്‍ തോതില്‍ വില കുറച്ചിരുന്നു. പരോക്ഷ നികുതയടക്കം നേരത്തെ ആഡംബര കാറുകള്‍ക്കുണ്ടായിരുന്ന 50-55 ശതമാനം നികുതി ജിഎസ്ടി കൗണ്‍സില്‍ 43 ശതമാനമാക്കി നിജപ്പെടുത്തിയിരുന്നു.