ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി മിനി എസ്.യു.വി ശ്രേണിയില്‍ അവതരിപ്പിക്കുന്ന ലോങ് വീല്‍ ബേസ് (LWB) ക്യൂ 2 അധികം വൈകാതെ ഇന്ത്യയിലെത്തും. ചൈനീസ് വിപണി ലക്ഷ്യമിട്ട് നിര്‍മിച്ച ലോങ് വീല്‍ ബേസ് എസ്.യു.വിയാണ് ഇന്ത്യയിലേക്ക് വിരുന്നിനെത്തുക. ക്യൂ സീരീസില്‍ ഔഡിയുടെ ഏറ്റവും കുറഞ്ഞ വിലയില്‍ പുറത്തിറങ്ങുന്ന വാഹനമെന്ന പ്രത്യേകതയും ഇവനുണ്ട്. ഏകദേശം 25 ലക്ഷം രൂപയാകും ബേസ് മോഡലിന്റെ പ്രാരംഭ വില. 2016 ജെനീവ ഓട്ടോഎക്സ്പോയിലാണ് Q 2 കണ്‍സെപ്റ്റ്‌ ആദ്യമായി കമ്പനി അവതരിപ്പിച്ചത്. നിലവില്‍ Q 3, Q 5, Q 7 എന്നീ എസ്.യു.വി മോഡലുകളാണ് Q സീരിസില്‍ ഇന്ത്യന്‍ വിപണിയിലുള്ളത്.

Audi Q 2

എസ്.യു.വി മാര്‍ക്കറ്റില്‍ രാജ്യത്തെ മികച്ച സാധ്യത കണക്കിലെടുത്താണ് ആഡംബര ശ്രേണിയില്‍ വില കുറഞ്ഞ മോഡലുമായി കമ്പനി എത്തുന്നത്. വിലയുടെ അടിസ്ഥാനത്തില്‍ പ്രീമിയം എസ്.യു.വികളില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവയ്ക്ക് മികച്ച വെല്ലുവിളി ഉയര്‍ത്താന്‍ Q2-വിന് സാധിക്കും. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. റഗുലര്‍ മോഡല്‍ Q2-വിന്റെ 2601 എംഎം വീല്‍ബേസ് 2701 എംഎം ആയി വര്‍ധിക്കും. പെട്രോള്‍-ഡീസല്‍ എഞ്ചിനില്‍ മൂന്ന് വേരിയന്റുകളില്‍ Q2  ലഭ്യമാകും. 

Audi Q 2

ഒറ്റനോട്ടത്തില്‍ എസ്.യു.വി-പ്രീമിയം ഹാച്ച് ബാക്ക് കോമ്പിനേഷനില്‍ അണിയിച്ചൊരുക്കിയ രൂപമാണ് വാഹനത്തിനുള്ളത്. മുന്‍ മോഡലായ Q 3 യുടെ ഇന്റീരിയലിന്റെ തനിപകര്‍പ്പാണ് കമ്പനി പുതിയ മോഡലിനും നല്‍കിയത്. 1.0 ലിറ്റര്‍ ടി.എഫ്.എസ്.ഐ ത്രി സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 114 ബിഎച്ച്പി കരുത്തും, 1.4 ടിഎഫ്എസ്ഐ എഞ്ചിന്‍ 148 ബിഎച്ച്പി കരുത്തും, 2.0 ടിഎഫ്എസ്ഐ എഞ്ചിന്‍ 187 ബിഎച്ച്പി കരുത്തും നല്‍കും. പെട്രോള്‍ ലോഞ്ചിനുശേഷം 1.6 ലിറ്റര്‍, 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എഞ്ചിന്‍ മോഡലുകളും കമ്പനി രാജ്യത്തെത്തിക്കാനാണ് സാധ്യത.